വലുതും ചെറുതുമായി അനേകം കെട്ടിടങ്ങള്‍ ഈ വിധത്തില്‍ പണിതിട്ടുണ്ട്
ബെംഗളുരു: അനധികൃതമായി നഗരത്തില്‍ നടക്കുന്ന ഭൂമി കൈയേറ്റങ്ങള്‍ എന്ത് വില കൊടുത്തും തടയുമെന്ന് അധികൃതര്‍. അടുത്തിടെ ബെല്ലന്ദൂര്‍ തടാകത്തിനടുത്തുള്ള കനാല്‍ കൈയേറിയത് ശ്രദ്ധയില്‍ പെട്ടത് മുതലാണ് കാര്യമായ അന്വേഷണം ഉണ്ടാകുമെന്ന്‍ അറിഞ്ഞത്. വലുതും ചെറുതുമായി അനേകം കെട്ടിടങ്ങള്‍ ഈ വിധത്തില്‍ പണിതിട്ടുണ്ട്. ഇവയെല്ലാം ഉടന്‍ തന്നെ പൊളിച്ചു നീക്കുമെന്ന് നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.
പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളില്‍ ഒരു പ്രമുഖ ഗ്രൂപ്പിന്‍റെ അപ്പാര്‍ട്ട്മെന്റും ഉള്‍പ്പെടും. ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.ബി.എം.പി. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴുള്ള അന്വേഷണത്തില്‍ വ്യക്തമായത് 140 അടി കനാല്‍ കൈയേറിയാണ് അപ്പാര്‍ട്ട്മെന്‍റ് നിര്മിച്ചതെന്നാണ്.
20 ഏക്കറുകളിലായി കനാല്‍ കൈയേറി അനധികൃതമായി നിര്‍മിച്ച 140ല്‍ അധികം കെട്ടിടങ്ങള്‍ പൊളിച്ചു കളഞ്ഞിട്ടുണ്ട്. കനാലും മറ്റും കൈയേറി അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നുള്ള 2011ലെ ഹൈക്കോടതി ഉത്തരവും ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവുമാണ് ഇത് നടപ്പാക്കാനുള്ള തീരുമാനത്തിന് ഹേതു.
വലിയവനോ ചെറിയവനോ എന്ന് വേണ്ട ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ മിക്ക ഷോപ്പിംഗ് മാളുകളും കമ്പനികളുടെ കെട്ടിടങ്ങളും മറ്റും ഈ വിധത്തില്‍ കൈയേറി നിര്‍മിച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. കനാല്‍ കരകവിഞ്ഞ് കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കമാണ് അധികൃതരെ ഇതിനു പ്രേരിപ്പിച്ചത്.
എന്നാല്‍ പാവപ്പെട്ടവരുടെ വീടുകള്‍ അടക്കം പല കെട്ടിടങ്ങളും പോളിച്ചതിനെതിരെ പ്രതിഷേധവുമുയരുന്നുണ്ട്. ബദല്‍ സംവിധാനം ഒരുക്കാതെയാണ് സര്‍ക്കാര്‍ ഇത് ചെയ്തതെന്നാണ് ആരോപണം. പാവപ്പെട്ടവരുടെ വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ പൊളിക്കുന്നത് എന്നതിനെ ചൊല്ലി ആരോപണം നിലനില്‍ക്കുമ്പോഴാണ് വമ്പന്‍ കമ്പനികളെയും വിടില്ലെന്ന സര്‍ക്കാര്‍ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.