Currency

തെരുവുനായയെ കൊല്ലണോ? ഒരു ഫോട്ടോ ഉള്‍പ്പെടെ പോലീസില്‍ പരാതിപ്പെടണം

Sunday, August 28, 2016 5:00 pm

തെരുവുനായയെ കൊന്നാല്‍ സുപ്രീം കോടതി വിധി അനുസരിച്ച് 5,000 രൂപ പിഴ ശിക്ഷയുണ്ട്. വീണ്ടും കൊല്ലുകയാണെങ്കില്‍ രണ്ട് മുതല്‍ ഏഴു കൊല്ലം വരെ തടവും ലഭിക്കാം ഈ കേസിന്.

സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന തെരുവുനായ പ്രശ്നം അങ്ങനെയൊന്നും തീരുമെന്ന് തോന്നുന്നില്ല. നായയെ അടിച്ചു കൊല്ലും, കുത്തിക്കൊല്ലും എന്നൊക്കെ എത്ര വീമ്പു പറഞ്ഞിട്ടും കാര്യമില്ല, നിയമങ്ങള്‍ നായ്ക്കള്‍ക്കൊപ്പമാണ്. നായ്ക്കളെ കൊന്നേ അടങ്ങൂ എന്ന് പറഞ്ഞു വാളെടുത്ത് നടക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക, തുറുങ്കും ഗോതമ്പുണ്ടയുമാണ്‌ കാത്തിരിക്കുന്നത്.

ചട്ടപ്രകാരം തെരുവുനായയെ കൊല്ലണമെന്നുണ്ടെങ്കില്‍ ആദ്യം പോലീസ് സ്റ്റേഷനില്‍ ചെന്ന് സ്റ്റേഷന്‍ ഹൌസ് ഓഫീസ്സര്‍ക്ക് പരാതി നല്കണം. വെറും പരാതി മാത്രം പോര, നായയുടെ ചിത്രവും ഉള്‍പ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇക്കാര്യം അത്ര പെട്ടെന്ന്‍ നടപ്പാകാത്തത് കൊണ്ട് തന്നെ മിക്ക സ്റ്റേഷന്‍ ഓഫീസ്സര്‍മാരും ഇതില്‍ വാശി പിടിക്കാറില്ല. പരാതി ലഭിച്ചതിനു ശേഷം നായയെ കൊല്ലുവാനുള്ള അനുവാദം തേടി പോലീസ് ഈ പരാതി ഔദ്യോഗികമായി കോടതിയില്‍ എല്പിക്കും.

കോടതി നായയെ പിടിക്കുവാന്‍ അനുവാദം തന്നാല്‍ സ്ഥലത്തെ സര്‍ക്കാര്‍ വെറ്റിനറി സര്‍ജനെയും നായപിടുത്തക്കാരെയും കൂട്ടി പോലീസ് നായ പിടിക്കാനിറങ്ങണം. പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോട്ടോ നോക്കി വേണം നായയെ പിടികൂടാന്‍. എന്നാല്‍ മിക്കവാറും പരാതി കൊടുത്തയാള്‍ ചൂണ്ടിക്കാട്ടുന്നതാണ് കുറ്റവാളി. ഇനി കണ്ടെത്തിയാല്‍ തന്നെ രക്ഷയില്ല. നായപിടുത്തക്കാരുടെ സഹായത്തോടെ വലവീശിപ്പിടിക്കണം. ഇതിനിടയില്‍ പിടുത്തക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും വേണ്ടില്ല, നായയ്ക്ക് ഒരു പോറല്‍ പോലും പറ്റാന്‍ പാടില്ല. ഒപ്പം പ്രശ്നത്തിന് കാരണക്കാരനായ നായയെ തന്നെയാണ് പിടി കൂടിയത് എന്നുള്ളതിന് കൃത്യമായ തെളിവുകള്‍ വേണം. സ്ഥലത്തെ പ്രമുഖരായ മൂന്ന്‍ വ്യക്തികളുടെ സാക്ഷ്യപത്രമാണ്‌ ഇതിന് ആവശ്യമായിട്ടുള്ളത്.

ഈ ഭഗീരഥപ്രയത്നമൊക്കെ നടത്തി നായയെ പിടിച്ചാലും തീര്‍ന്നില്ല, നായക്ക് പേയുണ്ടെന്ന് ഡോക്ടറുടെ പരിശോധനയില്‍ തെളിഞ്ഞാല്‍ മാത്രമേ കൊല്ലാനുള്ള നിയമമുള്ളൂ. പേയില്ല എന്നാണു പരിശോധനയില്‍ തെളിയുന്നതെങ്കില്‍ വന്ധ്യംകരിച്ച് പിടിച്ചയിടത്ത് തന്നെ കൊണ്ടാക്കണം. ശസ്ത്രക്രിയക്കിടെ നായ മരിച്ചാല്‍ ആ കുറ്റത്തിന് ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് വരെ എടുക്കാവുന്നതാണ്.

വളര്‍ത്ത്‌നായയെ തെരുവില്‍ ഇറക്കിവിട്ടാലും ശിക്ഷയുണ്ട്. പൊതുസ്ഥലത്ത് വച്ച്, നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്ന നായ ആളുകളെ ആക്രമിച്ചാല്‍ 25, 000 രൂപ പിഴയും ഒരു വര്‍ഷം തടവുമുണ്ട്. ഇതൊന്നും കൂട്ടാക്കാതെ തെരുവുനായയെ കൊന്നാല്‍ സുപ്രീം കോടതി വിധി അനുസരിച്ച് 5,000 രൂപ പിഴ ശിക്ഷയുണ്ട്. വീണ്ടും കൊല്ലുകയാണെങ്കില്‍ രണ്ട് മുതല്‍ ഏഴു കൊല്ലം വരെ തടവും ലഭിക്കാം ഈ കേസിന്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x