Currency

പാസ്സ്പോര്‍ട്ടില്‍ പിതാവിന്‍റെ പേര് വേണ്ട; ദില്ലി ഹൈക്കോടതി

Wednesday, August 24, 2016 9:38 am

അപേക്ഷകരോട് അച്ഛന്റെ പേര് പാസ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ന്യൂ ഡല്‍ഹി: അപേക്ഷകരോട് അച്ഛന്റെ പേര് പാസ്പോര്‍ട്ടില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ വാശി പിടിക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട്‌ അനുവദിക്കില്ലെന്ന നിലപാട് തെറ്റാണ്. അങ്ങനെയൊരു നിര്‍ബന്ധത്തിന്റെ ആവശ്യം നിയമപരമായി ഇല്ലെന്നും ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ് പറഞ്ഞു. കോടതിയില്‍ മെയില്‍ പുറപ്പെടുവിച്ച ഒരു ഹര്‍ജിയെ തുടര്‍ന്നുള്ള ഉത്തരവിനെ ഉദ്ധരിച്ചാണ് ജസ്റ്റിസ് സച്ദേവ് ഇകാര്യം ഓര്‍മിപ്പിച്ചത്.

പ്രസ്തുത ഉത്തരവ് പ്രകാരം, അച്ഛന്റെ പേര് രേഖപ്പെടുത്താതെ പാസ്പോര്‍ട്ട്‌ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രാദേശിക പാസ്പോര്‍ട്ട്‌ ഓഫീസിനെതിരെ പരാതി നല്‍കിയ യുവതിക്ക് പാസ്പോര്‍ട്ട്‌ അനുവദിച്ചു നല്‍കിയിരുന്നു. ഇതിനു സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതിനെ തുടര്‍ന്നാണ്‌ പഴയ ഉത്തരവിനെ പരാമര്‍ശിച്ച് കോടതി വിശദീകരണം നല്‍കിയത്.

അച്ഛന്റെ പേര് ചേര്‍ക്കാതെ പാസ്പോര്‍ട്ട്‌ പുതുക്കാനാവില്ലെന്ന് പറഞ്ഞ് യുവാവിന്‍റെ അപേക്ഷ അധികൃതര്‍ തള്ളിയതാണ് പുതിയ പരാതിക്ക് ആധാരം. 2017 വരെ നിയമപ്രാബല്യമുള്ള യുവാവിന്റെ പാസ്പോര്‍ട്ടും ഇവര്‍ റദ്ദ് ചെയ്തു. അധികൃതരുടെ ഈ നടപടിക്കെതിരായാണ് യുവാവ് പരാതി സമര്‍പ്പിച്ചത്. തന്റെ അമ്മ അച്ഛനില്‍ നിന്നും വിവാഹമോചനം നേടിയെന്നും തങ്ങളെ ഉപേക്ഷിച്ചു പോയ വ്യക്തിയുടെ പേര് കേവലം പാസ്പോര്‍ട്ടില്‍ മാത്രമായി തനിക്കാവശ്യമില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. പാസ്പോര്‍ട്ടില്‍ അമ്മയുടെ പേര് മതിയെന്നാണ് ഇയാളുടെ വാദം.

എന്നാല്‍ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നിന്നുള്ള മറുപടി അച്ഛന്റെ പേരില്ലാതെ അനുവദിക്കുക അസാധ്യമാണെന്നായിരുന്നു. സൈറ്റ് രൂപകല്‍പന ചെയ്തിരിക്ക്കുന്ന രീതിയില്‍ അച്ഛന്റെ പേര് കൂടി ഉള്‍പ്പെടുത്താതെ കമ്പ്യൂട്ടര് അപേക്ഷ സ്വീകരിക്കില്ലെന്ന അധികൃതരുടെ വാദം ഹൈക്കോടതി തള്ളി. കൂടാതെ സോഫ്റ്റ്‌വെയര്‍ പുതുക്കാനും നിര്‍ദേശവും കൊടുത്തു. ഇതോടൊപ്പം മൂന്നാഴ്ചക്കുള്ളില്‍ പാസ്പോര്‍ട്ട്‌ പുതുക്കി യുവാവിനു നല്‍കുവാന്‍ കോടതി ഉത്തരവിട്ടു.

ഉപേക്ഷിച്ചു പോയ അച്ഛന്റെ പേര് പാസ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട അധികൃതര്ക്കെതിരെ പെണ്‍കുട്ടിയും പരാതി സമര്‍പ്പിച്ചിരുന്നു. കുട്ടികളെ തനിച്ചു വളര്‍ത്തുന്ന സ്ത്രീകളോടുള്ള അവഗണയാണ് ഈ കടും പിടിത്തമെന്ന ആക്ഷേപം കൊടുമ്പിരി കൊള്ളുമ്പോഴാണ്‌ ഇതിനെ സംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x