Currency

സച്ചിന്റെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സർക്കാറിന്റെ അംഗീകാരം

സ്വന്തം ലേഖകൻSaturday, August 27, 2016 10:50 am

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാർ അംഗീകാരം നൽകി. കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന്‍ സമര്‍പ്പിച്ച രൂപരേഖയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 20 ഏക്കറില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ അക്കാദമി ആരംഭിക്കുന്നതിനാണ് പദ്ധതി.

തിരുവനന്തപുരം : മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാർ അംഗീകാരം നൽകി. കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന്‍ സമര്‍പ്പിച്ച രൂപരേഖയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 20 ഏക്കറില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ അക്കാദമി ആരംഭിക്കുന്നതിനാണ് പദ്ധതി. അക്കാദമിയില്‍ ഓരോ വര്‍ഷവും 20 കളിക്കാര്‍ക്ക് പ്രവേശനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ ഒന്നിന് സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അക്കാദമിയുടെ ലക്ഷ്യം അഞ്ച് വ‍ര്‍ഷത്തിനകം കേരളത്തില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുകയാണ്. അക്കാദമിയുടെ പ്രവര്‍ത്തനം രണ്ട് ഘട്ടങ്ങളിലായാകും. ഓരോ വര്‍ഷവും 20 താരങ്ങള്‍ക്ക് 2022 വരെയുള്ള ആദ്യ ഘട്ടത്തില്‍ പ്രവേശനം നല്‍കും. 2022 മുതല്‍ 2027 വരെയാണ് അടുത്തവര്‍ഷം പ്രവ‍ര്‍ത്തനം തുടങ്ങുന്ന അക്കാഡമിയുടെ രണ്ടാം ഘട്ടം. ഇക്കാലയളവില്‍ 200 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം.

സംസ്ഥാനത്തെ ഫുട്ബോള്‍ മേഖലയിലെ അടുത്ത അഞ്ച് വര്‍ഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് സര്‍ക്കാരും തയ്യാറാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ഫുട്ബോള്‍ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രാദേശിക,ദേശീയ,രാജ്യാന്തര മല്‍സരങ്ങളില്‍ ഈ അക്കാദമിയില്‍ നിന്നുള്ള സംഘം മല്‍സരിക്കുമെന്നാണ് തീരുമാനം. ഐ.എസ്.എല്‍ കേരളാ ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമ കൂടിയായ സച്ചിന്റെ പുതിയ പദ്ധതി കേരളത്തിന് ഫുട്ബോള്‍ രംഗത്ത് പുതിയ മേല്‍വിലാസം നല്‍കുമെന്നാണു പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x