Currency

രണ്ട് ലക്ഷം മുതലുള്ള കറന്‍സി ഇടപാടുകള്‍ക്ക് നൂറ് ശതമാനം പിഴ

സ്വന്തം ലേഖകന്‍Saturday, June 3, 2017 10:56 am

ന്യൂഡല്‍ഹി: രണ്ട് ലക്ഷം രൂപ മുതല്‍ മുകളിലോട്ടുള്ള കറന്‍സി ഇടപാടുകള്‍ക്ക് ഇനി മുതല്‍ തുല്യ തുക പിഴ ഈടാക്കും. ഏപ്രില്‍ ഒന്നിന് ഇത് സസംബന്ധിച്ച തീരുമാനം നടപ്പില്‍ വന്നെങ്കിലും ഇപ്പോഴും വന്‍തുകകളുടെ കറന്‍സി ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. പണം സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്നാണ് പിഴ ഈടാക്കുക.

കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് നൂറ് ശതമാനം പിഴ ഈടാക്കാന്‍ ആദായ നികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു.

പുതിയ ഭേദഗതി പ്രകാരം ഒരു ദിവസം നടക്കുന്നതോ ഒരു ഇടപാടായി നടക്കുന്നതായോ ആയ രണ്ട് ലക്ഷം രൂപയുടെ കറന്‍സി ഇടപാടുകളാണ് നിരോധിച്ചിട്ടുള്ളത്. അതേസമയം സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x