8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസില്‍ ലഭിച്ച നിക്ഷേപം കൂടാതെയുള്ള കണക്കാണിത്.
മുംബൈ: അസാധുവാക്കപ്പെട്ട 500,1000 രൂപ നോട്ടുകളുടെ 60 ശതമാനം മൂല്യത്തിന്റെ നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 33,948 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റി നല്‍കിയതു വഴിയാണ് തിരിച്ചെത്തിയത്. 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസില്‍ ലഭിച്ച നിക്ഷേപം കൂടാതെയുള്ള കണക്കാണിത്. നോട്ട് പിന്‍വലിച്ച ശേഷമുള്ള ആദ്യവാരം പിന്‍വലിക്കപ്പെട്ടതിനേക്കാള്‍ കുറഞ്ഞ തുകയാണ് പിന്നീട് പിന്‍വലിക്കപ്പെട്ടതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ 10നും 18നും ഇടയില്‍ 1.36 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് ബാങ്കുകളിലൂടെ ജനങ്ങളിലെത്തിച്ചത്. എന്നാല്‍ നവംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ വിതരണം ചെയ്യപ്പെട്ട നോട്ടുകളുടെ മൂല്യം 1.14 ലക്ഷം കോടിയായി കുറഞ്ഞു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മുഴുവനായും തിരിച്ചു വരില്ലെന്നും ആ തുക ലാഭമായി മാറും എന്നുമാണ് ആര്‍ബിഐയുടെ കണക്ക് കൂട്ടല്‍.
ചുരുങ്ങിയത് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും ഇങ്ങനെ തിരിച്ചു വരില്ല എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ കണക്ക് കൂട്ടല്‍. റിസര്‍വ് ബാങ്കിന്റെ ബാധ്യതകളില്‍ ഈ തുക ലയിപ്പിച്ചെടുത്ത് അത് ലാഭമാക്കി മാറ്റാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ വന്‍തോതില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ലെന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം നോട്ട് അസാധുവാക്കുന്നത് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ചില്ലറ ക്ഷാമം കാരണം ആളുകള്‍ 2000 രൂപ സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ ആര്‍ബിഐ അഞ്ഞൂറ് രൂപ നോട്ടിന്റെ അച്ചടി ത്വരിതപ്പെടുത്തുകയായിരുന്നു.
നേരത്തെ തന്നെ അച്ചടിച്ചു തുടങ്ങിയതിനാലും ആളുകള്‍ കൂടുതല്‍ കൈപ്പറ്റാത്തതിനാലും ആവശ്യമായ അളവില്‍ രണ്ടായിരം രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുണ്ട്. നവംബര്‍ 9 മുതല്‍ രണ്ടരലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ ആര്‍ബിഐ വിതരണം ചെയ്തിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യത്തിന്റെ 18 ശതമാനം വരും ഇത്. ഇതില്‍ 2,16,617 ലക്ഷം കോടി രൂപ ബാങ്കുകളിലൂടേയും പോസ്റ്റ് ഓഫീസുകളിലൂടേയും ഇതിനോടകം ജനങ്ങളിലെത്തി കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.