
കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. അറ്റകുറ്റപ്പണികള്‍ക്കായാണ് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.
മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ഓഗസ്റ്റ് 15ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ബാധിച്ചിട്ടുണ്ട്. 15 കിലോമീറ്റര്‍ റെയില്‍ മാത്രമാണു ഈ മാസം ലഭിച്ചത്.
ഒരു മീറ്ററിന് 52 കിലോഗ്രാം ഭാരമുള്ള പഴയ റെയിലുകളാണു നിലവില്‍ ഡിവിഷനിലുള്ളത്. 60 കിലോഗ്രാം ഭാരമുള്ള റെയിലുകളാണു പാളം പുതുക്കാന്‍ ഉപയോഗിക്കുന്നത്. ഇത് തേയ്മാനവും വിള്ളലും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ ടൈംടേബിളില്‍ അറ്റകുറ്റപ്പണിക്കുള്ള ബ്ലോക്ക് ഞായറാഴ്ചയ്ക്കു പകരം ശനിയാഴ്ച രാത്രിയില്‍ നല്‍കണമെന്നു കേരള ബെംഗളൂരു ട്രെയിന്‍ യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. വിവിധ നഗരങ്ങളില്‍ തിങ്കളാഴ്ച രാവിലെ ജോലിക്കു ഹാജരാകേണ്ടവരാണു ഞായറാഴ്ച വൈകിട്ടു കേരളത്തില്‍ നിന്ന് യാത്ര തിരിക്കുന്നത്. ട്രെയിനുകള്‍ വൈകുന്നതു കൃത്യസമയത്തു ജോലിക്കെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും ഫോറം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.