Currency

നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം: പിന്‍വലിച്ച നോട്ടുകളുടെ 80 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:52 am

 

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിന്‍വലിച്ച നോട്ടുകളുടെ 80 ശതമാനവും ബാങ്കുകളിലേക്കു തിരിച്ചെത്തിയെന്നു റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. ഇതോടെ, നോട്ടു പിന്‍വലിക്കല്‍ പദ്ധതിയെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ പൊളിയുമെന്നു സംശയമുയരുന്നു. കഴിഞ്ഞ മാസം എട്ടിനു പ്രധാനമന്ത്രി പ്രഖ്യാപിച്ച നടപടി ഒരു മാസം തികയ്ക്കുമ്പോള്‍, 11.85 ലക്ഷം കോടി രൂപ തിരിച്ചെത്തിയെന്നാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയത്. അസാധുവായ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഈ മാസം 30 വരെ സമയം ബാക്കിയുണ്ട്. മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് 1000, 500 രൂപ നോട്ടുകളെന്നാണു സര്‍ക്കാരിന്റെ കണക്ക്.

പിന്‍വലിക്കപ്പെട്ട നോട്ടുകളില്‍ 80 ശതമാനവും തിരിച്ചെത്തിയെന്നു പറയുമ്പോള്‍, 14.8 ലക്ഷം കോടിയാണു ജനത്തിന്റെയും ബാങ്കുകളുടെയും പക്കലുണ്ടായിരുന്ന വലിയ നോട്ടുകളുടെ മൂല്യം എന്നു കണക്കാക്കാം. ജനത്തിന്റെ പക്കലുള്ളതില്‍ ഏകദേശം മൂന്നു ലക്ഷം കോടി രൂപയെങ്കിലും തിരികെ എത്തുകയില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തുടക്കത്തില്‍ അനൗദ്യോഗികമായി സൂചിപ്പിച്ചത്. തിരികെ വരില്ലാത്തതു കള്ളപ്പണമാണെന്നും നോട്ടുകള്‍ക്കു തുല്യമായ തുക പുതിയ വികസന പദ്ധതികള്‍ക്കു വിനിയോഗിക്കാനാവുമെന്ന പ്രതീക്ഷയും സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഏകദേശം രണ്ടര ലക്ഷം കോടി തിരിച്ചുവരില്ലെന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

പക്ഷേ, ജനത്തിന്റെ പക്കലുള്ള വലിയ നോട്ടുകള്‍ മുഴുവനായും തന്നെ തിരിച്ചുവരുമെന്നാണു കരുതുന്നതെന്നു കേന്ദ്ര റവന്യു വകുപ്പ് സെക്രട്ടറി ഹസ്മുഖ് അധിയ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ ഫലം എന്താകുമെന്നതിനെക്കുറിച്ചു സര്‍ക്കാരിനുള്ള ആശയക്കുഴപ്പം സൂചിപ്പിക്കുന്നതാണു റവന്യു സെക്രട്ടറിയുടെ പരാമര്‍ശമെന്നു വിലയിരുത്തപ്പെടുന്നു. പണം മുഴുവനായും ബാങ്കുകളിലേക്ക് എത്തിക്കഴിഞ്ഞാല്‍ നികുതി വകുപ്പിനു കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കാനാവുമെന്ന വാദവും ഇപ്പോള്‍ റവന്യു സെക്രട്ടറി ഉന്നയിക്കുന്നുണ്ട്. എന്നാല്‍, കള്ളപ്പണമായതിനാല്‍ ആരും പണം ബാങ്കില്‍ നിക്ഷേപിക്കാതിരിക്കുന്ന സാഹചര്യമില്ലെന്നും ഗണ്യമായ തോതില്‍ കള്ളനോട്ടുകള്‍പോലും ബാങ്കുകളിലേക്ക് എത്തുന്നുവെന്നുകൂടി വിലയിരുത്തേണ്ടിവരുമെന്നുമാണു സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാകുമോ എന്നതു മാത്രമല്ല, പദ്ധതിയുടെ വന്‍ ചെലവും സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഔചിത്യത്തെക്കുറിച്ചു സംശയത്തിനു വഴിവയ്ക്കുന്ന സ്ഥിതിയാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (സിഎംഐഇ) വിലയിരുത്തലനുസരിച്ച്, കഴിഞ്ഞ മാസം എട്ടുമുതല്‍ ഈ മാസം 30 വരെയുള്ള 50 ദിവസത്തില്‍ പദ്ധതിമൂലമുണ്ടാകുന്ന ചെലവ് 1.28 ലക്ഷം കോടി രൂപയാണ്. വ്യവസായങ്ങള്‍ക്കും കച്ചവടങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള നഷ്ടം, പുതിയ നോട്ടുകള്‍ അച്ചടിക്കാനുള്ള ചെലവ് എന്നിവ വിലയിരുത്തിയാണു ചെലവു കണക്കാക്കിയിട്ടുള്ളത്. നോട്ടു പിന്‍വലിക്കല്‍ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ സാധ്യമാവുന്നില്ലെന്ന വിലയിരുത്തലിലാണ്, കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ സാധ്യമാക്കുകയെന്ന പുതിയ ലക്ഷ്യം ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഇലക്‌ട്രോണിക് പണമിടപാടിനായി ഊര്‍ജിതമായി പ്രചാരണം നടത്തുന്നുണ്ട്. യുവജനങ്ങളെ ഉപയോഗിച്ച് ഈ മാസം 12 മുതല്‍ ഒരു മാസത്തേക്കു ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചു പ്രചാരണം നടത്തണമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാലകളോടും കോളജുകളോടും നിര്‍ദേശിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ സാധ്യമാക്കാന്‍ യത്‌നിക്കുമെന്ന പ്രതിജ്ഞയാണ് കോര്‍പറേറ്റ് കാര്യ മന്ത്രാലയ വെബ്‌സൈറ്റിന്റെ ആമുഖ പേജില്‍ നല്‍കിയിട്ടുള്ളത്. പ്രതിജ്ഞ അംഗീകരിക്കുന്നവര്‍ക്കു മാത്രമേ വെബ്‌സൈറ്റിന്റെ ഉള്‍പേജുകളിലേക്കു പ്രവേശനമുള്ളു. ഇതിനിടെ, ഇലക്‌ട്രോണിക് പണമിടപാടു സാധ്യമാക്കാന്‍ നിതി ആയോഗ് ജില്ലാ കലക്ടര്‍മാരോടു നേരിട്ട് ആവശ്യപ്പെട്ടതു വിവാദമായിട്ടുമുണ്ട്. ഒരാളെ ഇലക്‌ട്രോണിക് പണമിടപാടിലേക്കു മാറ്റിയാല്‍ 10 രൂപ എന്നതാണു നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അമിതാഭ് കാന്ത് കഴിഞ്ഞ നാലിനു ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്കും എഴുതിയ കത്തിലുള്ള വാഗ്ദാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x