
ന്യൂഡല്‍ഹി: ട്രെയിനുകളുടെ പേരുകള്‍ മാറുന്നു. സ്റ്റേഷനും ട്രെയിനുമൊക്കെ ഓരോ കമ്പനിയുടെ പേരിനൊപ്പം അറിയപ്പെടാന്‍ പോകുകയാണ്. ട്രെയിനുകളും സ്റ്റേഷനുകളും ബ്രാന്‍ഡ് ചെയ്ത് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ റെയില്‍വേ ആവിഷ്കരിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബോഗികളില്‍ പരസ്യം പതിക്കുന്നത് വ്യാപകമാണ്. ഒരുപടി കൂടി കടന്നാണ് ഈ നീക്കം.
പുതിയ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറായതായും വൈകാതെ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതിയിലൂടെ രണ്ടായിരം കോടിയുടെ ടിക്കറ്റ് ഇതര വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
ഈ പദ്ധതി പ്രകാരം, കമ്പനികള്‍ക്ക് പരസ്യത്തിനായി ട്രെയിനുകള്‍ പൂര്‍ണമായും വിട്ടുനല്‍കും. ട്രെയിന്‍ ബോഗികളുടെ ഉള്‍ഭാഗത്തും പുറത്തും കമ്പനിക്കാവശ്യമുള്ള പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാം. ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും പൂര്‍ണമായും ഒരു ദീര്‍ഘ കാലപരിധി നിശ്ചയിച്ച് പരസ്യത്തിനായി വിട്ടുനല്‍കുകയാണ് ചെയ്യുക. നിലവില്‍ ട്രെയിനുകള്‍ ഭാഗികമായി മാത്രമാണ് പരസ്യങ്ങള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും അത് യാഥാര്‍ത്ഥ്യമായിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.