
ന്യൂഡല്‍ഹി: ആറു മാസം പ്രായമുള്ള വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് എ ബോഡെ എല്‍ നാഗേശ്വരറാവും എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് 6 മാസം ഗര്‍ഭിണിയായ യുവതി കോടതിയെ സമീപിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടി ചേര്‍ത്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.ഹര്‍ജി പരിഗണിച്ച കോടതി മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ ഭ്രൂണം നശിപ്പിക്കുന്നതിന് തടസമില്ലെന്ന് വിധിച്ചു.
ഭ്രൂണം നശിപ്പിക്കുന്നത് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കണമെന്നും ഇതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും സൂക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. തലയോട്ടിയില്ലാതെ ജനിക്കുന്ന കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഗര്‍ഭകാലാവധി പൂര്‍ത്തിയാക്കണമെന്ന് പറയാന്‍ അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.