Currency

എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശത്തിന് അപേക്ഷ ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍Wednesday, February 1, 2017 11:14 am

തിരുവനന്തപുരം: 2017ലെ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണര്‍ 2017 ഏപ്രില്‍ 24, 25 തീയതികളില്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും നടത്തും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്‌കോറിനും രണ്ടാം വര്‍ഷ പ്ലസ് ടു /തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കികൊണ്ട് തയാറാക്കുന്ന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ്‌സുകളിലേക്കുള്ള പ്രവേശനം .ആര്‍ക്കിടെക്ചര്‍ കോഴ്‌സിലെ പ്രവേശനം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA) ല്‍ ലഭിച്ച സ്‌കോറിനും യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും അടിസ്ഥാനത്തിലായിരിക്കും.

എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലെയും പ്രവേശനം സി.ബി.എസ്.ഇ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റികം എന്‍ട്രന്‍സ് ടെസ്റ്റ് (NEET UG) 2017 ലെ റാങ്ക്/സ്‌കോറിന്റെ അടിസ്ഥാനത്തിലാവും. സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.ceekerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇന്ന് മുതല്‍ 27 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിണ്ടേ അവസാന തീയതി ഫെബ്രുവരി 28 ആണ്.

അപേക്ഷാ ഫീസ് കഴിഞ്ഞ വര്‍ഷം ജനറല്‍ വിഭാഗത്തിന് 1000 രൂപ, എസ്.സി വിഭാഗത്തിന് 500 രൂപ എന്നത് ഈ വര്‍ഷം യഥാക്രമം 800 (ജനറല്‍), 400 (എസ്.സി) എന്നിങ്ങനെയായി കുറച്ചിട്ടുണ്ട്. എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. അപേക്ഷ ഫീസ് ഓണ്‍ലൈനായോ ഇചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ്/സബ് പോസ്റ്റ് ഓഫിസുകളിലോ ഒടുക്കാം. ഇചെലാന്‍ മുഖേന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലും അപേക്ഷ ഫീസ് ഒടുക്കാം.

സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സൗജന്യമായി ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്: www.ceekerala.org, www.cee.kerala.gov.in


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x