
കൊച്ചി: അവധിക്കാലം ആരംഭിച്ചതോടെ യാത്രയ്ക്കൊരുങ്ങുന്ന കുടുംബങ്ങളെ ചൂഷണം ചെയ്യാനൊരുങ്ങി വിമാന കമ്പനികള്‍. പരീക്ഷകള്‍ കഴിഞ്ഞ് സ്കൂളുകള്‍ അടച്ചതോടെയാണ് വിമാന കമ്പനികള്‍ കൊള്ളയ്ക്കൊരുങ്ങുന്നത്. അവധിക്കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ്, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് യാത്രാ നിരക്ക് വിമാനകമ്പനികള്‍ നാലിരട്ടിയോളം വര്‍ധിപ്പിച്ചു.
5000 രൂപക്ക് വരെ സാധാരണ ദിവസങ്ങളില്‍ ദുബായ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്ന സമയത്ത് ഇപ്പോള്‍ 20000 രൂപയോളമാണ് നിരക്ക്. ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലേക്ക് 5500 രൂപയ്ക്ക് കിട്ടിയിരുന്ന ടിക്കറ്റിനും 20000 രൂപ നല്‍കണം. കുവൈത്ത്, സൗദി അറേബ്യ, ദോഹ എന്നിവിടങ്ങളിലേക്ക് തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 9000, 10000, 7000 രൂപ നിരക്കില്‍ ടിക്കറ്റ് ലഭ്യമായിരന്നപ്പോള് അതിന്റെ നാലിരട്ടിയോളമാണ് ഇപ്പോഴത്തെ നിരക്ക്. എയര്ഇന്ന്ത്യ എക്സ്പ്രസില്‍ പോലും ദുബായിലേക്ക് പോകണമെങ്കില്‍ 21000 രൂപ നല്‍കണം.
അവധിക്കാലം ആരംഭിക്കുന്ന മാര്‍ച്ച് അവസാന വാരത്തോടെയാണ് നിരക്ക് വര്‍ധന കമ്പനികള്‍ നടപ്പിലാക്കിയത്. ഇത് അവധിക്കാലം അവസാനിക്കുന്ന ഏപ്രില്‍ വരെ തുടരും. ഉംറക്കു പോവുന്നവരെ കൂടി കണക്കിലെടുത്താണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അവധിക്കാലം കഴിയുന്ന ജൂണ്‍ മാസത്തിലാണ് ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുക. ഇതേ സമയത്ത് ഗള്‍ഫില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കും. ഇതും കേരളത്തിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.