Currency

ലോകത്തില്‍ ഏറ്റവും മാലിന്യമേറിയത് കേരളത്തിലെ സമുദ്രതീരമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Friday, April 7, 2017 11:24 am

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും മാലിന്യമേറിയത് കേരളത്തോട് ചേര്‍ന്നുകിടക്കുന്ന സമുദ്രതീരമെന്ന് അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. ഈ സമുദ്രമേഖലകളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യവും മറ്റും അടിഞ്ഞുകൂടിയതിനാല്‍ കടല്‍പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഗുരുതരഭീഷണി ഉയര്‍ത്തുന്നുണ്ട്. ജര്‍മനിയിലെ ആല്‍ഫ്രഡ് വെഗ്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

വേമ്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലില്‍ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ചില മേഖലകളില്‍നിന്ന് പിടിച്ച മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. കക്ക വര്‍ഗങ്ങളിലും ചെറുമീനുകളിലും അകത്തുകടന്ന പ്ലാസ്റ്റിക് ഘടകങ്ങള്‍ ഭക്ഷ്യമേഖലയെ വിഷമയമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമുദ്രമലിനീകരണം സംബന്ധിച്ച 1237 പഠനങ്ങള്‍ എകോപിപ്പിച്ചാണ് ഗവേഷണം നടത്തിയത്. ‘ലിറ്റര്‍ബേസ്’ എന്ന് പേരുനല്‍കിയ പഠനറിപ്പോര്‍ട്ടില്‍ ലോകത്തെ ഓരോ മേഖലയിലെയും മലിനീകരണത്തിന്റെ കണക്കുവിവരങ്ങള്‍ പരാമര്‍ശിക്കുന്ന ഭൂപടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ ജുഹു, വെര്‍സോവ, ദാദര്‍, അക്സ ബീച്ചുകളും ഗുരുതര മലിനീകരണത്തിന്റെ പിടിയിലാണ്.

ഒരു ചതുരശ്രമീറ്ററില്‍ എഴുപതോളം മലിനവസ്തുക്കളാണുള്ളത്. ഇതില്‍ 41.85 ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണ്. ഓസ്ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ സമുദ്രതീരങ്ങളിലെയും നദികളിലെയും മലിനീകരണത്തിന്റെ വിവരങ്ങളും ‘ലിറ്റര്‍ബേസില്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x