Currency

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Friday, April 7, 2017 11:36 am

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മുഴുവന്‍ സിലബസിലും മലയാളം നിര്‍ബന്ധമാണ്. സംസ്ഥാനത്തെ പല സ്‌കൂളുകളിലും മലയാളം എഴുതുന്നതിനും സംസാരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് പല സ്‌കൂളുകളിലും മലയാളം വിഷയം സിലബസില്‍ നിന്നും ഒഴിവാക്കുന്നതായും മലയാളം പഠിപ്പിക്കുന്നതിന് ആവശ്യത്തിന് അധ്യാപകരില്ലാത്തതുമാണ് സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടാന്‍ കാരണം. നേരത്തെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധന പിഎസ്‌സി വെച്ചിരുന്നു.

കഴിഞ്ഞ ദിവസം മലയാള ഭാഷ പഠനം തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രിക്കും, വിദ്യഭ്യാസ മന്ത്രിക്കും കാസര്‍ഗോഡ് ജില്ലയിലെ ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ നാല്‍പതിലേറെ പെണ്‍കുട്ടികള്‍ കത്തെഴുതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x