Currency

കെ.എസ്.ആര്‍.ടി.സി ബസ് വിവരങ്ങള്‍ അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Friday, April 14, 2017 11:05 am

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി തുടങ്ങി. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സംവിധാനവും നടപ്പാക്കുന്നത്.

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളുടെ പൂര്‍ണ വിവരങ്ങള്‍ തത്സമയം അറിയാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. ബസുകളുടെ സ്ഥാനം, വേഗം എന്നിവ അറിയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ഇതിനായി ഇന്റലിജന്‍സ് ട്രാക്കിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനം മുഴുവന്‍ ബസുകളിലും സ്ഥാപിക്കാനാണ് തീരുമാനം. റെയില്‍വേയുടെ മാതൃകയിലാണ് പുതിയ ക്രമീകരണം.

പദ്ധതിയുടെ നടത്തിപ്പിനായി ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ യോഗ്യതയുള്ള കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി തുടങ്ങി. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ സംവിധാനവും നടപ്പാക്കുന്നത്. സമയപ്പട്ടികയും ഷെഡ്യൂളുകളും പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും.

ബസുകളിലുപയോഗിക്കുന്ന ടിക്കറ്റ് മെഷീനുകളിലെ ജി.പി.എസുമായി ബന്ധിപ്പിച്ചാണ് ട്രാക്കിങ് സംവിധാനം പ്രവര്‍ത്തിക്കുക. നിലവില്‍ 745 ബസുകളില്‍ ജി.പി.എസ് ബന്ധിപ്പിച്ച ടിക്കറ്റ് മെഷീനാണ് ഉപയോഗിക്കുന്നുണ്ട്. ഇത് രണ്ടാംഘട്ടത്തില്‍ എല്ലാ ബസുകളിലും ഏര്‍പ്പെടുത്തും. ടിക്കറ്റ് ലഭ്യത അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിലും റിസര്‍വേഷന്‍ സാധ്യമാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x