Currency

പ്ലസ് വണ്ണിന് മെയ് എട്ടുമുതല്‍ അപേക്ഷിക്കാം; ജൂണ്‍ 14ന് ക്ലാസുകള്‍ തുടങ്ങും

സ്വന്തം ലേഖകന്‍Saturday, May 6, 2017 12:13 pm

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ മെയ് എട്ടു മുതല്‍ നല്‍കാം. മെയ് 22 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് പരീക്ഷാഫലം മേയ് 20നകം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് പ്രയാസം നേരിടും.

ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12നുമാണ് നടത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പ്രകാരം 14ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. കേന്ദ്ര സിലബസില്‍നിന്ന് സംസ്ഥാന സിലബസില്‍ പ്ലസ് വണ്ണിലേക്കു മാറുന്നവര്‍ക്ക് രണ്ടാം അലോട്ട്മെന്റിനു മുമ്പ് അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

4,37,156 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടിയപ്പോള്‍ പ്ലസ് വണിന് 4,22,910 സീറ്റാണുള്ളത്. വി.എച്ച്.എസ്.ഇ.ക്ക് 27,500 സീറ്റുണ്ട്. പോളിടെക്നിക്ക് അടക്കമുള്ള കോഴ്സുകള്‍ക്കും അവസരമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് ഈ വര്‍ഷം നേരത്തേതന്നെ വര്‍ദ്ധിപ്പിച്ചിരുന്നു.

സി.ബി.എസ്.ഇ.യില്‍നിന്ന് സാധാരണ സംസ്ഥാന സിലബസിലേക്കു വരുന്നത് 11 ശതമാനം കുട്ടികളാണെന്നിരിക്കെ ഇത്രയും കുട്ടികള്‍ക്കായി, 89 ശതമാനം കുട്ടികളുടെ പഠനം വൈകിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം. എസ്.എസ്.എല്‍.സി. ഫലം നേരത്തേ പ്രസിദ്ധീകരിക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തേ തുടങ്ങുമെന്നും അതനുസരിച്ച് സി.ബി.എസ്.ഇ. ഫലം പ്രസിദ്ധീകരിക്കണമെന്നും കത്തിലൂടെ അറിയിച്ചിരുന്നെന്നും സി.ബി.എസ്.ഇ.യില്‍ നിന്നു മറുപടി വന്നില്ലെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.പി. പ്രകാശന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x