Currency

വിദേശികളെ ചികിത്സിക്കുന്നതിന് മഹാരാഷ്ട്രയില്‍ പുതിയ ചട്ടം വരുന്നു

സ്വന്തം ലേഖകന്‍Sunday, May 7, 2017 12:25 pm

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ വിദേശികളെ ചികിത്സിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ചട്ടം കൊണ്ടുവരുന്നു. ഈജിപ്തുകാരി ഇമാന്‍ അഹ്മദ് അബ്ദുലാതിയുടെ ഭാരംകുറക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചികിത്സമേഖലയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വൈദ്യരേഖ തയാറാക്കല്‍, ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രോഗിയുടെ ബന്ധുക്കളെയും രോഗിയുടെ രാജ്യത്തെ എംബസിയെയും അറിയിക്കല്‍, ചികിത്സക്കിടയില്‍ മറ്റ് രാജ്യത്തെ ആശുപത്രിയിലേക്ക് മാറ്റല്‍, ഡിസ്ചാര്‍ജ് തുടങ്ങി രോഗിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാന്യമായ നടപടിക്രമം തയാറാക്കുകയാണ് പുതിയ ലക്ഷ്യമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് പറഞ്ഞു.

ഇമാന്റെ ഭാരം കുറക്കല്‍ ചികിത്സയിലൂടെ രാജ്യത്തെ വൈദ്യ ടൂറിസം ലോകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചികിത്സയെ തുടര്‍ന്നുണ്ടായ വിവാദം പ്രതികൂല പ്രതിച്ഛായയുണ്ടാക്കിയെന്ന് ദീപക് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് ആശുപത്രികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇമാനെ ചികിത്സിച്ച സെയ്ഫി ഹോസ്പിറ്റലിനും ഡോ. മുഫസല്‍ ലക്ഡാവാലക്കുമെതിരെ സഹോദരി ശൈമ സലിം പ്രതികരിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പ്രശസ്തിക്ക് വേണ്ടി കള്ളം പറയുകയാണെന്നുമായിരുന്നു ശൈമയുടെ പ്രതികരണം. തുടര്‍ന്ന് തുടര്‍ ചികിത്സക്കായി ഇമാനെ അബൂദബിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x