Currency

ഭേദഗതി വരുത്തിയ പ്രസവാവധി അവധിയിലുള്ള സ്ത്രീകള്‍ക്കും ലഭ്യമാകും

സ്വന്തം ലേഖകന്‍Wednesday, May 10, 2017 1:37 pm

ന്യൂഡല്‍ഹി: പൊതു- സ്വകാര്യ സ്ഥാപനങ്ങളിലെ വനിത ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ആറ് മാസം പ്രസവാവധി നിലവില്‍ അവധിയിലുള്ള സ്ത്രീകള്‍ക്കും ലഭ്യമാകും. കേന്ദ്രതൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 12 ആഴ്ചയായിരുന്ന പ്രസവാവധിയാണ് 26 ആഴ്ചയിലേക്ക് നീട്ടിയത്.

ഏപ്രില്‍ 1ന് അവധിയിലുള്ള സ്ത്രീകള്‍ക്കും അവധി ലഭ്യമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ 2017 ജനുവരി 2 മുതല്‍ അവധിയിലുള്ള സ്ത്രീകള്‍ക്ക് 3 മാസം കൂടി അവധിയില്‍ തുടരാനാകും. നേരത്തെ പ്രസവാനുകൂല്യബില്ലില്‍ ഭേദഗതി വരുത്തിയെങ്കിലും ആനുകൂല്യം ലഭ്യമാകുന്ന തീയതി സംബന്ധിച്ച് ആശയകുഴപ്പം നിലനിന്നിരുന്നതിനെ തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് വിശദീകരണക്കുറിപ്പിറക്കിയത്.

ആദ്യത്തെ രണ്ട് പ്രസവത്തിനാണ് നിയമം ബാധകമാകുക. ഇതിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്ന് മാസമായിരിക്കും അവധി. അതേസമയം മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണം ധരിക്കുന്ന സ്ത്രീകള്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കും. കമ്പനികളെ പ്രതിനിധീകരിച്ച് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്ന സ്ത്രീകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

50ല്‍ അധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളും കുട്ടികളുടെ പരിചരണത്തിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശമുണ്ട്. ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കടക്കം പ്രയോജനപ്പെടുന്ന രീതിയിലാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x