Currency

ഹജ്ജ്: യാത്രാചെലവ് ഇത്തവണ രണ്ട് ലക്ഷത്തിന് മുകളില്‍

സ്വന്തം ലേഖകന്‍Tuesday, May 30, 2017 2:47 pm

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകരുടെ യാത്രാചെലവില്‍ ഇത്തവണ വര്‍ധന. രണ്ട് ലക്ഷം രൂപക്ക് മുകളില്‍ ഇത്തവണ യാത്രാചെലവ് വരും. കൂടുതല്‍ തീര്‍ഥാടകരുള്ള അസീസിയ കാറ്റഗറിയില്‍ യാത്രചെലവ് രണ്ട് ലക്ഷത്തിന് മുകളിലെത്തുന്നത് ആദ്യമായിട്ടാണ്. 18,000 രൂപയുടെ വര്‍ധനവാണ് ഈവര്‍ഷം യാത്രചെലവില്‍ ഒറ്റയടിക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം 3,200 രൂപയാണ് വര്‍ധിച്ചിരുന്നത്. അസീസിയ കാറ്റഗറിയില്‍ പുറപ്പെടുന്ന തീര്‍ഥാടകന്‍ ഇത്തവണ 2,01,750 രൂപയാണ് അടയ്‌ക്കേണ്ടത്. ഈ വിഭാഗത്തില്‍ 2016ല്‍ 1,83,300 രൂപയും 2015ല്‍ 1,80,100 രൂപയുമായിരുന്നു. ഗ്രീന്‍ കാറ്റഗറിയിലും സമാനരീതിയിലുള്ള വര്‍ധനവാണ്. ഗ്രീന്‍ കാറ്റഗറിയില്‍ ഇത്തവണ 18,450 രൂപയുടെ വര്‍ധനവാണ്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,54,150 രൂപ ഗ്രീന്‍ കാറ്റഗറിക്കാര്‍ ഇനി അടയ്ക്കണം. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവും സബ്‌സിഡി തുക കുറച്ചുവരുന്നതുമാണ് യാത്രാചെലവ് വര്‍ധിക്കാന്‍ കാരണം. ഇത്തവണ 65,625 രൂപയാണ് വിമാന ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ രണ്ടാം ഗഡു ജൂണ്‍ 19ന് മുമ്പായി അടയ്ക്കണമെന്ന് അസി. സെക്രട്ടറി അറിയിച്ചു. അപേക്ഷഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8000 രൂപ കൂടുതല്‍ അടക്കണം. മുഴുവന്‍ വിമാനക്കൂലിയും അടക്കേണ്ടവര്‍ (റീപ്പിറ്റര്‍) കൂടുതലായി 10,750 രൂപ കൂടി അടക്കണം. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 11,850 രൂപയാണ് അടക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x