
തിരുവനന്തപുരം: കേരളത്തില്‍ ബാങ്കിംഗ് വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ കേരള ബാങ്ക് രൂപീകരിക്കുന്നു. 20 മാസത്തിനുള്ളില്‍ ബാങ്കിന്റെ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കേരള ബാങ്ക് രൂപീകരണത്തിനായി നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.ആര്‍. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി കര്‍മ്മസേന രൂപീകരിക്കും. ബാങ്കിംഗ്, ഐ.ടി, മാനേജ്‌മെന്റ്, നിയമം എന്നീ നാല് മേഖലകളിലെ വിദഗ്ധരും കര്‍മ്മസേനയില്‍ അംഗങ്ങളായിരിക്കും
സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഏകോപിപ്പിച്ച് 1200ലധികം ശാഖകളുള്ള കേരള ബാങ്ക് രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റം ലക്ഷ്യമിടുന്ന കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സര്‍ക്കാറിന്റെ പദ്ധതികള്‍ കേരള ബാങ്കിലൂടെ നടപ്പാക്കാന്‍ സാധ്യയുണ്ട്. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയര്‍ന്ന സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമ്പോള്‍ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സര്‍വ്വീസ് ചാര്‍ജ്ജ് ആകും ഈടാക്കുക.
അതേസമയം കേരളത്തിലെ ബാങ്കുകള്‍ 1.20 ലക്ഷം കോടി രൂപയുടെ എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതില്‍ 30% കേരളത്തിലെ പ്രഥമ ബാങ്കായ എസ്.ബി.ടിയിലാണ് ലഭിച്ചിരുന്നത്. എന്നാല്‍ എസ്.ബി.ടി – എസ്.ബി.ഐ ലയനം നടന്നതോടെ എസ്.ബി.ടിയുടെ പ്രാദേശികത നഷ്ട്ടപ്പെടുമെന്നും ഈ അവസരം കേരളാ ബാങ്കിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവര്‍ത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.