Currency

ചരിത്രത്തിലാദ്യമായി ഹജ്ജ് തീര്‍ഥാടകയുടെ യാത്ര എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു

സ്വന്തം ലേഖകന്‍Sunday, August 27, 2017 11:26 am

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി തീര്‍ഥാടകയുടെ യാത്ര എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന പാസ്‌പോര്‍ട്ട് ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരൂര്‍ ചെറിയമുണ്ടം പുഴക്കാട്ടില്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മൈമൂനയെയാണ് (45) രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞത്. ഇവരുടെ പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം കണ്ടുകെട്ടുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇതേതുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞുമുഹമ്മദിന്റെ യാത്രയും മുടങ്ങി. ശനിയാഴ്ച രാത്രി എട്ടിന് അവസാന ഹജ്ജ് സംഘവുമായി സൗദി എയര്‍ലൈന്‍സ് വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.

എല്ലാ ചടങ്ങും പൂര്‍ത്തിയാക്കി പുണ്യ ഭൂമിയിലേക്ക് വിമാനം കയറാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് മൈമൂനക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആഘാതമേറ്റത്. ജീവിതാഭിലാഷമായ ഹജ്ജിന് പുറപ്പെടാനാവില്ലെന്നറിഞ്ഞതോടെ ദമ്പതികള്‍ പൊട്ടിക്കരഞ്ഞു. ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ ഉടന്‍ ഹജ്ജ് സെക്രട്ടറികൂടിയായ മലപ്പുറം ജില്ല കലക്ടറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പാസ്‌പോര്‍ട്ട് ഓഫിസറുമായി ആശയവിനിമയം നടത്തി. എന്നാല്‍ കോയമ്പത്തൂരിലുള്ള തനിക്ക് രേഖകള്‍ പരിശോധിക്കാതെ നടപടിയെടുക്കാനാവില്ലെന്ന് അദേഹം മറുപടി നല്‍കി. അതോടെ അവസാന വിമാനത്തില്‍ അയയ്ക്കാനുള്ള ഹജ്ജ് കമ്മിറ്റിയുടെ ശ്രമം വിഫലമായി.

ജില്ല കലക്ടറും ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഇവരെ ഞായറാഴ്ച മുംബൈ വഴി അയയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. പാസ്‌പോര്‍ട്ട് ഓഫിസര്‍ അനുകൂല നിലപാട് എടുക്കുകയും എമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കുകയും ചെയ്താല്‍ തടസം നീക്കാനാകുമെന്ന് ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം എന്തുകൊണ്ടാണ് പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ എമിഗ്രേഷന്‍ വിഭാഗത്തോട് ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചുവരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x