
ബംഗളൂരു: മൈസൂരു വിമാനത്താവളത്തില്‍ നിന്ന് വാണിജ്യസര്വീസുകള് പുനരാരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്കു കീഴില്‍ ഈ മാസം 15 മുതലാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ട്രൂജെറ്റിന്റെ 78 സീറ്റുള്ള വിമാനം മൈസൂരു ചെന്നൈ പാതയില്‍ സര്‍വീസ് നടത്തുമെന്ന് മൈസൂരു വിമാനത്താവളം ഡയറക്ടര്‍ മനോജ് കുമാര്‍ സിംഗ് അറിയിച്ചു. വൈകുന്നേരം 6.40ന് മൈസൂരു വിമാനത്താവളത്തിലെത്തുന്ന വിമാനം ഏഴിന് ചെന്നൈയിലേക്ക് പറക്കും.
നേരത്തെ എയര്‍ ഒഡീഷ, ടര്‍ബോ മേഘ എയര്‍വേയ്സ് എന്നീ കമ്പനികള്‍ മൈസൂരു- ചെന്നൈ പാതയില്‍ വിമാന സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. 2010 മാര്‍ച്ചില്‍ മൈസൂരു- ബംഗളൂരു പാതയില്‍ കിംഗ്ഫിഷര്‍ എയര്‍വേയ്സ് ആണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യസര്‍വീസ് നടത്തിയത്. തുടര്‍ന്ന് ഇതു നാലാം തവണയാണ് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് വിമാനസര്‍വീസ് പുനരാരംഭിക്കുന്നത്.
കമ്പനി നഷ്ടത്തിലായതോടെ 2011 ഒക്ടോബറില്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. 2013 ജനുവരിയില്‍ സ്പൈസ് ജെറ്റ് സര്‍വീസ് ആരംഭിച്ചെങ്കിലും 2014 ഒക്ടോബറില്‍ അവസാനിപ്പിച്ചു. പിന്നീട് 2015ല്‍ ഏതാനും ദിവസത്തേക്ക് അലയന്‍സ് എയര്‍ ബംഗളൂരു- മൈസൂരു പാതയില്‍ സര്‍വീസ് നടത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.