
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ട്രെയിനുകളിലെ ബര്‍ത്തുകളില്‍ ഉറങ്ങാന്‍ അനുവദിച്ച സമയം റെയില്‍വേ ഒരു മണിക്കൂര്‍ കുറച്ചു. ‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായാണ് കുറച്ചത്. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യം നല്‍കണമെന്ന് റെയില്‍വെ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഇരിക്കാനും ഉറങ്ങാനും ഉള്ള സൗകര്യത്തെച്ചൊല്ലി യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കം ഏറുന്ന സാഹചര്യത്തിലാണ് ട്രെയിനിലെ ഉറക്കസമയം റെയില്‍വേ ഒരു മണിക്കൂര്‍ വെട്ടിച്ചരുരുക്കിയത്. രാത്രി ഒമ്പതുമുതല്‍ രാവിലെ ആറുവരെയായിരുന്നു നിലവിലുണ്ടായിരുന്നു അനുവദനീയമായ ഉറക്കസമയം. സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
പുതിയ നിര്‍ദ്ദേശം സ്ലീപിംങ് സംവിധാനമുള്ള എല്ലാ റിസര്‍വ്ഡ് കോച്ചുകള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. ട്രെയിന്‍ ബര്‍ത്തിന്റെ അവകാശം സംബന്ധിച്ച് നിരന്തരം പരാതികള്‍ ഉയരുന്നുണ്ട്. ഇതില്‍ പ്രധാന പരാതി യാത്രക്കാരുടെ ഉറക്ക സമയത്തെ കുറിച്ചാണ്. ഇത് പരിഗണിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തു വിടുന്നതെന്ന് റെയില്‍വെ മന്ത്രാലയ വക്താവ് അനില്‍ സക്സേന വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.