Currency

എല്ലാ ജില്ലയിലും തപാല്‍ വകുപ്പിന്റെ പേമന്റെ് ബാങ്ക് വരുന്നു

സ്വന്തം ലേഖകന്‍Tuesday, September 19, 2017 1:25 pm

തിരുവനന്തപുരം: വരുന്ന മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തിന്റെ എല്ലാ ജില്ലയിലും പേമന്റെ് ബാങ്ക് സംവിധാനം എത്തിക്കാന്‍ തപാല്‍ വകുപ്പ് തയാറെടുക്കുന്നു. 2018 അവസാനത്തോടെ ഒന്നര ലക്ഷം തപാല്‍ ഓഫിസുകളിലും പേമന്റെ് ബാങ്ക് സംവിധാനം ആവിഷ്‌കരിക്കും. സ്വകാര്യ മൊബൈല്‍ കമ്പനിയായ എയര്‍ടെല്ലിനുശേഷം രണ്ടാമത്തെ വലിയ പേമന്റെ് ബാങ്ക് ശൃംഖലയാകാനുള്ള ഒരുക്കത്തിലാണ് തപാല്‍ വകുപ്പ്.

വ്യക്തികളില്‍നിന്നും ചെറുകിട ബിസിനസുകാരില്‍ നിന്നും ഒരു ലക്ഷം രൂപവരെ നിക്ഷേപം സമാഹരിക്കാന്‍ പേമന്റെ് ബാങ്കിന് കഴിയും. 25,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് തപാല്‍ പേമന്റെ് ബാങ്ക് നാലര ശതമാനം പലിശ നല്‍കും. 25,000 മുതല്‍ 50,000 രൂപ വരെ അഞ്ച് ശതമാനവും ഒരു ലക്ഷം വരെ അഞ്ചര ശതമാനവുമാണ് പലിശ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിന് മൂന്നര ശതമാനമാണ് പലിശ നല്‍കുന്നത്.

പരമാവധി ചുരുങ്ങിയ സേവന നിരക്ക് ഈടാക്കി ആധാര്‍ അടിസ്ഥാന രേഖയാക്കിയുള്ള ഇടപാടുകളാണ് തപാല്‍ പേമന്റെ് ബാങ്ക് നടത്തുക. നിലവിലെ വിപുലമായ അടിത്തറ ഉപയോഗിച്ച് പേമന്റെ് ബാങ്ക് വിജയകരമാകുമെന്നാണ് തപാല്‍ വകുപ്പിന്റെ പ്രതീക്ഷ. നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകളും പേമന്റെ് ബാങ്കില്‍ നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x