Currency

ഹാജിമാരുടെ മടക്കയാത്ര ഇന്ന് മുതല്‍; വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കം

സ്വന്തം ലേഖകന്‍Thursday, September 21, 2017 11:11 am

മടക്കയാത്രക്ക് 39 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് എത്തുക. നെടുമ്പാശേരിയില്‍നിന്ന് പുറപ്പെട്ട അതേ ക്രമത്തിലാണ് മടക്കയാത്രയും.

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകരുടെ മടക്കയാത്ര ഇന്ന് മുതല്‍. 300 പേരാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. പ്രാദേശികസമയം ബുധനാഴ്ച രാത്രി 10.10ന് മദീന വിമാനത്താവളത്തില്‍നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച ആദ്യസംഘം ഹാജിമാര്‍ ഇന്ന് പുലര്‍ച്ച 5.45നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ വിപുല ഒരുക്കമാണ് നടത്തിയിട്ടുള്ളത്. ഹാജിമാര്‍ക്ക് വിശ്രമിക്കാനും നമസ്‌കരിക്കാനുമുള്ള സൗകര്യം ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ലഘുഭക്ഷണവും ഇവിടെനിന്ന് നല്‍കും. ഹെല്‍പ് ഡെസ്‌കില്‍ നിന്നാണ് ബന്ധുക്കള്‍ ഹാജിമാരെ സ്വീകരിക്കുന്നത്. ഹാജിമാര്‍ക്ക് ഒരുബുദ്ധിമുട്ടും ഉണ്ടാകാതെ, മറ്റുയാത്രക്കാരുമായി കൂടിക്കലരാത്ത വിധത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്.

മടക്കയാത്രക്ക് 39 സര്‍വീസാണ് സൗദി എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 38 വിമാനങ്ങളില്‍ 300 പേര്‍ വീതവും അവസാന വിമാനത്തില്‍ 407 പേരുമാണ് എത്തുക. നെടുമ്പാശേരിയില്‍നിന്ന് പുറപ്പെട്ട അതേ ക്രമത്തിലാണ് മടക്കയാത്രയും. ഓഗസ്റ്റ് 13ന് തിരിച്ച ആദ്യ വിമാനത്തില്‍ പുറപ്പെട്ടവരാണ് ഇന്ന് ആദ്യ വിമാനത്തില്‍ മടങ്ങിയത്. വെള്ളിയാഴ്ച മൂന്ന് വിമാനത്തില്‍ 900 പേര്‍ എത്തും.

ഹാജിമാരുടെ മടക്കയാത്ര സംബന്ധിച്ച ക്രമീകരണങ്ങള്‍ക്ക് ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം വിമാനത്താവളത്തില്‍ ആരംഭിച്ചു. ഹാജിമാരുടെ സേവനത്തിന് മെഡിക്കല്‍ സംഘവും ടെര്‍മിനലില്‍ ക്രമീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x