Currency

കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് റെയില്‍വേയുടെ അംഗീകാരം

സ്വന്തം ലേഖകന്‍Saturday, October 28, 2017 3:45 pm

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്നോട്ടുവെച്ച പ്രധാന പദ്ധതികള്‍ക്ക് റെയില്‍വേയുടെ അംഗീകാരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലെ ഇരട്ടപാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി റെയില്‍വേ വികസനം മുന്നില്‍ കണ്ട് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്നോട്ടുവെച്ച പ്രധാന പദ്ധതികള്‍ക്ക് റെയില്‍വേയുടെ അംഗീകാരം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലെ ഇരട്ടപാതക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചതെങ്കിലും അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും അശ്വനി ലൊഹാനി ഉറപ്പുനല്‍കി. ഇതു സംബന്ധിച്ച് സര്‍വേ നടത്താനും അദ്ദേഹം നിര്‍ദേശിച്ചു.

തിരുവനന്തപുരം- കാസര്‍കോട് പാത 575 കി.മീറ്റര്‍ വരും. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലെ ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് 1943 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് കോര്‍പറേഷന്‍ ഇതിനകം തയാറാക്കിയിട്ടുണ്ട്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനു മൊത്തം 16,600 കോടി രൂപയാണ് ചെലവ്. ലൈനുകള്‍ക്ക് ശേഷിയില്ലാത്തതാണ് കേരളത്തില്‍ പുതിയ വണ്ടികള്‍ ഓടിക്കുന്നതിന് മുഖ്യതടസ്സം. ഈ സാഹചര്യത്തിലാണ് പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയാറാകുന്നത്.

ബാലരാമപുരം–വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത (10 കി.മീറ്റര്‍), എറണാകുളത്ത് റെയില്‍വേ ടെര്‍മിനസ് എന്നീ പദ്ധതികളും കേരളം മുന്നോട്ടുവെച്ചു.

സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്:

1. ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ഉറപ്പ്

2. 65 കി.മീറ്ററാണ് ഇതിന്റെ ദൂരം, ചെലവ് 1600 കോടി രൂപ

3. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍–പാല (15 കി. മീറ്റര്‍) ലൈനും പരിഗണിക്കും

4. നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പ്

5. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. രാജ്യത്തെ മൊത്തം സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം.

6. കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ബയോ-ടോയ്‌ലെറ്റ് ഏര്‍പ്പെടുത്തും

7. കേരളമാകെ ഗ്രീന്‍ കോറിഡോറായി മാറ്റും. റെയില്‍വേക്ക് കേരളത്തിലുള്ള ഭൂമിയില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കും

8. തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്‌റ്റേഷനുകളുടെ വികസനത്തിന് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും

9. ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x