Currency

കൊച്ചി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, November 6, 2017 11:06 am

ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആഭ്യന്തര യാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ള വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്.

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആഭ്യന്തര യാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ള വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാന്‍ നൂറ്ററുപതോളം കോടി രൂപ മുടക്കിയാണ് സിയാല്‍ ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.

സിയാലിന്റെ രാജ്യാന്തര ടെര്‍മിനലായ ടി-3 കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ണ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെര്‍മിനലായ ടി-1 പുനര്‍നിര്‍മിക്കുന്ന പ്രക്രിയ തുടങ്ങി. ടി-1 നെ എത്രയും വേഗം ആഭ്യന്തര ടെര്‍മിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ആഭ്യന്തര വ്യോമയാനത്തുണ്ടാകുന്ന വന്‍ വളര്‍ച്ച മുന്‍നിര്‍ത്തി അടുത്ത 20 വര്‍ഷത്തേയ്ക്ക് ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.

നിലവിലുള്ള രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍ ഒരുമണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണ്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x