Currency

എക്‌സ്പ്രസ്സില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റിലേക്ക്; 48 ട്രെയിനുകളുടെ നിരക്ക് വര്‍ധിക്കും

സ്വന്തം ലേഖകന്‍Wednesday, November 8, 2017 11:24 am

ന്യൂഡല്‍ഹി: 48 ട്രെയിനുകളുടെ നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. എക്സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചാണ് നിരക്കു വര്‍ധന കൊണ്ടുവന്നിരിക്കുന്നത്. നവംബര്‍ ഒന്നിന് നിലവില്‍വന്ന പുതിയ ട്രെയിന്‍ സമയ പട്ടികയിലാണ് 48 ട്രെയിനുകള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ആക്കി മാറ്റിയതോടെ ഈ ട്രെയിനുകളില്‍ യാത്രചെയ്യുന്നതിന് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്ജു കൂടി അധികമായി നല്‍കണം.

എക്സ്പ്രസ്, മെയില്‍ ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റ് ആക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഈ ട്രെയിനുകളില്‍ ഒരുക്കുന്നുമില്ല. ഇവയുടെ വേഗം മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് വര്‍ധിക്കുക. എന്നാല്‍ യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്യുന്നതിന് 30 രൂപ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്ജ് എന്ന നിലയില്‍ അധികമായി നല്‍കേണ്ടിവരും. സെക്കന്‍ഡ്, തേര്‍ഡ് എസി ടിക്കറ്റുകള്‍ക്ക് 45, 75 എന്നിങ്ങനെയും അധികം നല്‍കണം.

പുതുതായി 48 ട്രെയിനുകള്‍ കൂടി സൂപ്പര്‍ഫാസ്റ്റ് ആക്കുന്നതോടെ രാജ്യത്ത് 1,072 ട്രെയിനുകള്‍ സൂപ്പര്‍ഫാസ്റ്റ് ആകും. നേരത്തെ റെയില്‍വേ ഈടാക്കുന്ന സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്ജുകള്‍ സംബന്ധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. സൂപ്പര്‍ഫാസ്റ്റ് നിരക്ക് ഈടാക്കുന്ന ട്രെയിനുകള്‍ നിര്‍ദ്ദിഷ്ട വേഗത പാലിക്കുന്നില്ലെന്നും സിഎജി കണ്ടെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x