Currency

കൊച്ചി മെട്രോയില്‍ മടക്കയാത്ര സൗജന്യം

സ്വന്തം ലേഖകന്‍Wednesday, November 15, 2017 3:15 pm

ആലുവ മുതല്‍ ഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താന്‍ 50 രൂപ മാത്രം. ഇതുവരെ ഒരു വശത്തേക്കു മാത്രമുള്ള യാത്രയക്ക് 50 രൂപയായിരുന്നു നിരക്ക്. നിരക്ക് ഇളവ് ഇന്നലെ പ്രാബല്യത്തില്‍ വന്നു.

കൊച്ചി: കൊച്ചി മെട്രോയില്‍ ഇരുവശത്തേക്കും ഒരേ ടിക്കറ്റില്‍ യാത്രചെയ്യുന്നവര്‍ക്ക് നിരക്കില്‍ 50 ശതമാനം ഇളവുമായി കെഎംആര്‍എല്‍. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പുതിയ പാക്കേജ് പ്രകാരം മടക്കയാത്ര തികച്ചും സൗജന്യം. അതായത്, ആലുവ മുതല്‍ ഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പോയി തിരികെ ആലുവയിലെത്താന്‍ 50 രൂപ മാത്രം. ഇതുവരെ ഒരു വശത്തേക്കു മാത്രമുള്ള യാത്രയക്ക് 50 രൂപയായിരുന്നു നിരക്ക്. നിരക്ക് ഇളവ് ഇന്നലെ പ്രാബല്യത്തില്‍ വന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത മാസം 23 വരെയായിരിക്കും ഇളവു ലഭിക്കുക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ ഇളവിന്റെ കാലാവധി നീട്ടിയേക്കും. സ്ഥിരം യാത്രക്കാര്‍ക്കു പ്രയോജനകരമായ മറ്റു ടിക്കറ്റിംഗ് സംവിധാനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.

ഒരു വശത്തേക്കുള്ള സിംഗിള്‍ ജേര്‍ണി ടിക്കറ്റിംഗിലും ഇളവു കൊണ്ടുവരുന്ന കാര്യം ആലോചനയിലുണ്ട്. നിലവില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു യാത്രാനിരക്കില്‍ 20 ശതമാനം ഇളവു ലഭിക്കുന്നുണ്ട്. ഇതിനു പുറമെ 10 ശതമാനം കാഷ് ബാക്കായി ബാങ്ക് അക്കൗണ്ടിലും ലഭിക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികളും കെഎംആര്‍എല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x