പ്രവാസി മലയാളി സംഘടനകള്‍ക്ക് നോര്‍ക്ക-റൂട്ട്‌സിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പദ്ധതികളില്‍ അംഗീകൃത സംഘടനകളുടെ സഹകരണം ഉറപ്പുവരുത്താനും കൂടുതല്‍ ഫലപ്രാപ്തിയിലെത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു മാർഗനിർദേശം പുതുക്കിയിരിക്കുന്നത്. മാർഗനിർദേശങ്ങൾ ചുവടെ:
- സംഘടനകള്‍ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കണം.
- സംഘടനയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ജാതി, മത, രാഷ്ട്രീയവുമായി ബന്ധമുണ്ടാകരുത്.
- ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പു നടത്തിയാകണം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
- സംഘടനയുടെ ഭാരവാഹികള്‍ പ്രവാസികള്‍ തന്നെയായിരിക്കണം.
- പ്രവര്‍ത്തന കാലയളവ്, അംഗങ്ങളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും അംഗീകാരം.
- രജിസ്‌ട്രേഷന്റെ പ്രാബല്യം അഞ്ചു വര്‍ഷമായിരിക്കും.
- രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മറ്റു രേഖകള്‍ക്കൊപ്പം ബന്ധപ്പെട്ട സര്‍ക്കാര്‍, തദ്ദേശഭരണ അധികാരികള്‍ നല്‍കിയിട്ടുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അവസാനവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, അതതു രാജ്യത്തെ നിയമപ്രകാരമുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്, വരവു-ചെലവു കണക്കുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം.
- ഓരോ അസോസിയേഷന്‍ മുഖേനയും കുറഞ്ഞത് 500 പ്രവാസി അംഗങ്ങളില്‍നിന്നുള്ള ഐഡി കാര്‍ഡിനുള്ള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സില്‍ ലഭ്യമാക്കണം.
- പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ നിലയില്‍ ഓരോ അസോസിയേഷനും തങ്ങളുടെ ഓഫീസുകളില്‍ നോര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക് തുറക്കണം
- നോര്‍ക്ക റൂട്ട്‌സിന്റെ നിയന്ത്രണത്തിലാവും പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, സ്വപ്‌ന സാഫല്യം, കാരുണ്യം എന്നീ പദ്ധതികള്‍ നടപ്പിലാക്കുക.
- പ്രവര്‍ത്തന മികവ്, ഉത്തരവാദിത്വ ബോധം, അംഗങ്ങളുടെ എണ്ണം, മുന്‍ഗണനാക്രമം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചു സംഘടനകൾക്ക് ഗ്രേഡിങ് ഏർപ്പെടൂത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.