Currency

ട്രെയിനുകള്‍ മാര്‍ച്ച് വരെ വൈകിയോടും

സ്വന്തം ലേഖകന്‍Sunday, November 26, 2017 12:16 pm

കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടെ 40 കിലോമീറ്റര്‍ പാളം മാത്രമാണ് മാറ്റാന്‍ കഴിഞ്ഞത്. ഇനി 150 കിലോമീറ്റര്‍ പാളംകൂടി മാറ്റേണ്ടതുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികളുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകള്‍ മാര്‍ച്ചുവരെ വൈകിയോടും. അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്നുള്ള നിയന്ത്രണത്തെ തുടര്‍ന്നാണിത്. എന്നാല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഏഴുമാസത്തിനിടെ 40 കിലോമീറ്റര്‍ പാളം മാത്രമാണ് മാറ്റാന്‍ കഴിഞ്ഞത്. ഇനി 150 കിലോമീറ്റര്‍ പാളംകൂടി മാറ്റേണ്ടതുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം, കായംകുളം-തിരുവനന്തപുരം ഭാഗത്താണ് പ്രധാന ജോലികളുള്ളത്.

അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ പാളവും സ്ലീപ്പറും ഒരുമിച്ച് മാറ്റാന്‍ കഴിയുന്ന പ്രത്യേക യന്ത്രമെത്തിക്കും. ഇതിലൂടെ അഞ്ചുമണിക്കൂര്‍ കൊണ്ട് ഒരു കിലോമീറ്റര്‍ പാളവും സ്ലീപ്പറുകളും മാറ്റാനാകും. എന്നാല്‍ ഈ സമയം ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നതാണ് യന്ത്രം ഉപയോഗിക്കുന്നതിലെ പോരായ്മ. അതേസമയം ട്രെയിനുകള്‍ക്ക് കടുത്ത നിയന്ത്രണം തുടരുമെന്നാണ് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. സുരക്ഷയ്ക്ക് പരിഗണന നല്‍കി പാളങ്ങളുടെ കേടുപാടുകള്‍ പൂര്‍ണമായി തീര്‍ക്കാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

അതേസമയം 30 ജീവനക്കാര്‍ ഉള്‍പ്പെട്ട ഒരുസംഘത്തിന് ഒരുദിവസം പരമാവധി 150 മീറ്റര്‍ പാളമാണ് മാറ്റാന്‍ കഴിയുക. പരമാവധി ജീവനക്കാരെ നിയോഗിച്ചിട്ടും അറ്റകുറ്റപ്പണി തീര്‍ക്കാനാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് റെയില്‍വെ യന്ത്രസഹായം തേടിയത്. മാത്രവുമല്ല പാളങ്ങള്‍ക്ക് പുറമേ സിഗ്നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും ഇപ്പോള്‍ നടക്കുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ സിഗ്നല്‍ കേബിളുകള്‍ പൂര്‍ണമായും പരിശോധിക്കേണ്ടതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x