Currency

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

സ്വന്തം ലേഖകന്‍Friday, December 8, 2017 9:40 am

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ ബാങ്ക് അക്കൗണ്ടുമായും സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. നിലവില്‍ ആധാര്‍ എടുക്കാത്തവര്‍ക്കാണ് കാലാവധി നീട്ടി നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ നല്‍കിയ കാലാവധി ഈ മാസം 31 ആയിരുന്നു.

അതേസമയം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി ഫെബ്രുവരി ആറിന് അവസാനിക്കുമെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇതിന്റെ കാലാവധി നീട്ടിനല്‍കുന്നതിന് സുപ്രീംകോടതിയില്‍നിന്ന് ഉത്തരവ് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 31ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാതിരിക്കാന്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും വേണുഗോപാല്‍ അറിയിച്ചു. ആധാര്‍ കേസില്‍ ഇടക്കാല ഉത്തരവിനായി ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x