Currency

വിമാനത്താവളങ്ങളില്‍ ആധാര്‍ ഇ-ഗേറ്റ് വരുന്നു

സ്വന്തം ലേഖകന്‍Monday, December 18, 2017 8:21 am

ന്യൂഡല്‍ഹി: വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തി കൂടുതല്‍ ആളുകള്‍ വ്യോമയാത്രകളിലേക്ക് തിരിയുന്നുമുണ്ട്. എന്നാല്‍ വിമാനയാത്രക്കാരെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് ചെക്ക്-ഇന്‍ ചെയ്യാന്‍ വേണ്ടി വരുന്ന സമയം. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇ-ഗേറ്റ് ഒരുക്കി യാത്രക്കാരെ അതിവേഗം ചെക്ക്-ഇന്‍ ചെയ്യിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

നിലവില്‍ പ്രിന്റഡ് ടിക്കറ്റുകളോ മൊബൈല്‍ ടിക്കറ്റുകളോ ഉപയോഗിച്ചാണ് ആളുകള്‍ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ ചെയ്യുന്നത്. ഇതോടൊപ്പം യാത്രാ ടിക്കറ്റിന്റ് പ്രിന്റ് ഔട്ടും വേണം. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ചെക്കിംഗ് ആധാര്‍ കാര്‍ഡിലെ ബയോ മെട്രിക് വിവരങ്ങള്‍ മാത്രം ഉപയോഗിച്ചാവും.

ജനുവരി അവസാനത്തോടെ രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ആധാര്‍ ഇ-ഗേറ്റ് വേ സംവിധാനം നിലവില്‍ വരും. വൈകാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x