
ന്യൂഡല്‍ഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഞായറാഴ്ച ഒപ്പു വയ്ക്കും. ഹിജ്റാബ്ദം 1439 ലെ ഹജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍കൊള്ളുന്നതാണ് കരാര്‍. ജിദ്ദയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹജിന്റെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയ ഹജ് നയം നടപ്പിലാവുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്. നറുക്കെടുപ്പില്‍ പല തവണ ഭാഗ്യം തെളിയാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിഗണന എടുത്തുകളഞ്ഞത് പോലുള്ള കാര്യങ്ങളില്‍ കേരള സംസ്ഥാന ഹജ് കമ്മിറ്റി സമര്‍പ്പിച്ചിരുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. നിലവില്‍ ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയിലെത്തി നില്‍ക്കുകയാണ്. ഹജ് തീര്‍ഥാടകര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്.
കഴിഞ്ഞ വര്‍ഷം 1,70,000 ഓളം ഇന്ത്യക്കാര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 1,25,000 പേര്‍ക്കും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 45,000 പേര്‍ക്കുമായിരിക്കും ഈ വര്‍ഷവും ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്വഹിക്കാനാവസരമുണ്ടാവുക. 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് അടുത്ത ബന്ധുവായ പുരുഷന്റെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പിടുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഈ ഇളവ് ലഭിക്കും. ഇതുപ്രകാരം മൊത്തം 1,300 വനിതകള്‍ക്ക് ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും മഹ്റം ഇല്ലാതെ ഹജ്ജിനെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഹാജിമാര്‍ യാത്ര ചെയ്യുന്ന ചില എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സൗദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഈ വര്‍ഷം മുതല്‍ ലഭ്യമായേക്കാം.
വ്യോമയാന മന്ത്രാലയം, കേന്ദ്രഹജ് കമ്മിറ്റി, എയര്‍ ഇന്ത്യ എന്നിവയില്‍ നിന്നുള്ള ഉന്നതരും ഹജ് കരാറൊപ്പിടുന്ന ചടങ്ങില്‍ സന്നിഹിതരായിരിക്കും. ആഗസ്ത് പത്തൊമ്പതിനാണ് ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ സമാരംഭിക്കുക. ഹാജിമാര്‍ ജൂലൈ പതിനാല് മുതലാണ് ജിദ്ദ, മദീന വഴി ഹജിന്റെ നാട്ടിലേയ്ക്ക് പ്രവഹിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.