
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വിശദീകരണം തേടുന്നു. ജനുവരി രണ്ടിനാണ് പഠന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമര്‍പ്പിച്ചത്. സര്‍വിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച വിശദ പഠനറിപ്പോര്‍ട്ടിലാണ് ഡി.ജി.സി.എ വിശദീകരണം തേടുന്നത്. ഇതോടെ, സര്‍വിസ് പുനരാരംഭിക്കുന്നതിനുള്ള അന്തിമ അനുമതി വീണ്ടും വൈകും.
അതോറിറ്റി കേന്ദ്ര കാര്യാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ജനുവരി 22ന് ഡി.ജി.സി.എക്ക് കൈമാറിയിരുന്നു. വിവിധ വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷമാണ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ടത്. സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട വിമാനകമ്പനി നല്‍കേണ്ട സാങ്കേതിക വിവരണമാണ് ഡി.ജി.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എയില്‍നിന്ന് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കത്ത് കൈമാറും. തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് വിമാനകമ്പനികളുടെ കത്ത് വാങ്ങി തിരിച്ച് അതോറിറ്റി കേന്ദ്ര കാര്യാലയം മുഖേന ഡി.ജി.സി.എക്ക് കൈമാറണം. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നാണ് കരുതുന്നത്. വിശദീകരണം നല്‍കിയതിന് ശേഷമേ അന്തിമ അനുമതി ലഭിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.