
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സമവായചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാനത്തെത്തുടര്‍ന്ന് തൊഴിലാളികള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൂന്നു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് മിന്നല്‍പണിമുടക്ക് ഉള്‍പ്പെടെയുള്ള കടുത്ത സമര നടപടികളിലേക്ക് കടന്നതെന്ന് ചുമട്ടു തൊഴിലാളികള്‍ അറിയിച്ചിരുന്നു. തുടര്‍ച്ചയായ രാത്രി ജോലി ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ചുമട്ടു തൊഴിലാളികള്‍ ആരംഭിച്ച മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചു. വിമാനത്തില്‍ നിന്നുള്ള ലഗേജ്നീക്കം സ്തംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. സമരത്തെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നുള്ള വിമാനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് മുടക്കേണ്ടിവന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ അധികൃതര്‍ തയ്യാറായത്. അല്പസമയത്തിനകം ചര്‍ച്ച ആരംഭിക്കുമെന്നാണ് വിവരം.
രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് പുറമെ ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. കൂടാതെ വിമാനങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഇതുവരെ ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.