
കൊച്ചി: റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) നീളം വര്‍ധിപ്പിക്കുന്നതിന് കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായിരുന്ന റണ്‍വേ നിയന്ത്രണം നീക്കി. നിര്‍മാണപ്രവര്‍ത്തി ഭൂരിഭാഗവും പൂര്‍ത്തിയായതോടെ ശനിയാഴ്ച മുതലാണ് ആറ് മാസത്തിന് ശേഷം റണ്‍വേ വീണ്ടും മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിച്ചത്.
റിസയുടെ നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കുന്നതിനാണ് റണ്‍വേ പകല്‍ 12 മുതല്‍ വൈകിട്ട് ഏഴ് വരെ അടച്ചത്. ഇലക്ട്രിക്കല്‍ പ്രവൃത്തികളാണ് ഇനി ബാക്കി. ഇത് പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി വേണം. വിമാന സര്‍വിസുകളെ ബാധിക്കാത്ത രീതിയിലാകും ഇതിന്റെ പ്രവര്‍ത്തി. നിയന്ത്രണം നീക്കിയതോടെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വിസുകളും ആരംഭിച്ചു. പകലാണ് പുതിയ ആഭ്യന്തര സര്‍വിസുകള്‍. വിദേശ വിമാനകമ്പനി ഗള്‍ഫ് എയറും പുതിയ സര്‍വിസ് ആരംഭിച്ചു.
പ്രതിദിന ബഹ്‌റൈന്‍ സര്‍വിസ് ഉദ്ഘാടനം വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു നിര്‍വഹിച്ചു. രാവിലെ 5.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 7.30ന് ബഹ്‌റൈനിലെത്തും. രാത്രി 9.25ന് തിരിച്ച് പുലര്‍ച്ച 4.30ന് എത്തും. ഇന്‍ഡിഗോ മസ്‌കത്ത് സര്‍വിസും പുനരാരംഭിച്ചു. വൈകീട്ട് 6.05നാണ് കോഴിക്കോട്- മസ്‌കത്ത് സര്‍വിസ്. തിരിച്ച് രാത്രി 11.15ന് പുറപ്പെട്ട് പുലര്‍ച്ച 4.15ന് കരിപ്പൂരിലെത്തും.
ചെന്നൈ-കോഴിക്കോട്–ബംഗളൂരു, കോഴിക്കോട്–ഹൈദരാബാദ് സെക്ടറുകളില്‍ സ്‌പൈസ്‌ജെറ്റും കോഴിക്കോട്–ചെന്നൈ സെക്ടറില്‍ ഇന്‍ഡിഗോയുമാണ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. സ്‌പൈസ്‌ജെറ്റിന്റെ ചെന്നൈ-കോഴിക്കോട്–ബംഗളൂരു സര്‍വിസിസ് ഇന്നലെ തുടങ്ങി. വൈകിട്ട് 3.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അഞ്ചിന് കരിപ്പൂരിലെത്തും. 5.20ന് തിരിച്ച് 6.25ന് ബംഗളൂരുവിലും 7.15ന് പുറപ്പെട്ട് 8.20ന് കരിപ്പൂരിലുമെത്തും. 8.40നാണ് ചെന്നൈയിലേക്ക് പുറപ്പെടുക.
ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. സെക്ടറില്‍ സ്‌പൈസ് ജെറ്റിന്റെ രണ്ടാമത്തെ സര്‍വിസാണ്. ജൂലൈ ഒന്ന് മുതലാണ് സ്‌പൈസ്‌ജെറ്റ് കോഴിക്കോട്-ഹൈദരാബാദ് സര്‍വിസ് തുടങ്ങുക. ചൊവ്വ, വെള്ളി ഒഴികെ രാവിലെ 11ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 12.45ന് കരിപ്പൂരിലെത്തും. തിരിച്ച് 1.05ന് പുറപ്പെട്ട് 2.50ന് ഹൈദരാബാദിലെത്തും.
കോഴിക്കോട്- ചെന്നൈ സെക്ടറില്‍ ജൂലൈ 26 മുതലാണ് ഇന്‍ഡിഗോ സര്‍വിസ്. ചെന്നൈയില്‍ നിന്ന് വൈകിട്ട് 6.55ന് പുറപ്പെട്ട് 8.35ന് കരിപ്പൂരും രാത്രി ഒമ്പതിന് പുറപ്പെട്ട് 10.40ന് ചെന്നൈയിലുമെത്തും. ജെറ്റ് എയര്‍വേസിന്റെ മുംബൈ, ബംഗളൂരു സര്‍വിസുകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമ പ്രകാരം ഉച്ചക്ക് 1.25ന് മുംബൈയില്‍ നിന്ന് കരിപ്പൂരിലെത്തുന്ന വിമാനം തിരിച്ച് 1.55ന് തിരിച്ചുപോകും. ബംഗളൂരുവില്‍ നിന്ന് ഉച്ചക്ക് 2.45ന് കരിപ്പൂരിലെത്തുന്ന വിമാനം വൈകിട്ട് 5.20നാണ് തിരിച്ചുപോകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.