Currency

കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ അടുത്തയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, July 26, 2018 12:18 pm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ച ടെര്‍മിനലാണ് അടുത്തയാഴ്ച മുതല്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനം.

17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലുള്ള ടെര്‍മിനലില്‍ 916 യാത്രക്കാരെയാണ് ഒരേസമയം ഉള്‍ക്കൊള്ളാന്‍ കഴിയുക. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 44 ചെക്ക് ഇന്‍ കൗണ്ടര്‍, 48 എമിേഗ്രഷന്‍ കൗണ്ടര്‍, 20 കസ്റ്റംസ് കൗണ്ടര്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പുതിയ ടെര്‍മിനലില്‍ വി.ഐ.പി ലോഞ്ചും ഉള്‍പ്പെടുത്തി. കരിപ്പൂരില്‍ ആദ്യമായാണ് വി.ഐ.പി ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ പൂര്‍ണമായും ഇനി മുതല്‍ അന്താരാഷ്ട്ര പുറപ്പെടല്‍ കേന്ദ്രമായിരിക്കും. ടെര്‍മിനലിനുള്ളിലെ ടോയ്‌ലറ്റുകള്‍ നവീകരിക്കുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x