
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. റണ്‍വേയും പാര്‍ക്കിംഗ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് മതിലിടിഞ്ഞു. നൂറ് മീറ്ററോളം ഇടിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ഇതേതുടര്‍ന്നാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ സര്‍വീസുകള്‍ അസാനിപ്പിച്ചതായാണ് ആദ്യം അറിയിച്ചത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അധികൃതര്‍ അറിയിക്കുകയായിരുന്നു.
നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്സ് പ്രസ്സിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഏതാനും വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കൊച്ചി-മസ്ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായ്-കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കിയത്.
കൂടാതെ, അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ ഐഎക്സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ് പ്രസ്സിന്റെ ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുകയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി കണ്ട്രോള് റൂം തുറന്നു. നമ്പര്‍: 0484 3053500, 2610094.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.