Currency

നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി; എടിഎമ്മുകളില്‍ പണം തീരാന്‍ സാധ്യത

സ്വന്തം ലേഖകന്‍Friday, August 24, 2018 1:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം, നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് പതിവാണ്. പ്രളയക്കെടുതിക്ക് പിന്നാലെ, എടിഎമ്മുകളില്‍ പണം തീരുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന ആശങ്കയിലാണ് ജനം.

അതേസമയം ആശങ്ക വേണ്ടെന്നും, എടിഎമ്മുകളില്‍ ആവശ്യാനുസരണം പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി.കെ. മായ അറിയിച്ചു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 423 എ.ടി.എമ്മുകളാണ് പ്രവര്‍ത്തനരഹിതമായത്.

എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളില്‍ പണം തീരുന്ന സാഹചര്യം ഉണ്ടായാല്‍ പണമെടുക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

എ.ടി.എമ്മുകളില്‍ പണം ഉറപ്പാക്കുന്നതിനുവേണ്ടി 45 കാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ ഇന്നും ഞായറാഴ്ചയും പ്രവര്‍ത്തിക്കാനും എസ്.ബി.ഐ. നിര്‍ദേശിച്ചിട്ടുണ്ട്. ഈ ശാഖകളില്‍ മറ്റ് ഇടപാടുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x