Currency

കരിപ്പൂരിന് വീണ്ടും തിരിച്ചടി; റണ്‍വേയുടെ നീളം കൂട്ടാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു

സ്വന്തം ലേഖകന്‍Friday, October 19, 2018 1:23 pm

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതി അധികൃതര്‍ ഉപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റണ്‍വേ വികസനം എന്ന സുപ്രധാന ആവശ്യം പരിഗണിച്ചില്ല. പുതിയ ടെര്‍മിനലിനും കാര്‍ പാര്‍ക്കിങിനുമായി സംസ്ഥാന സര്‍ക്കാരിനോട് 152.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

4000 കോടി രൂപ ചെലവഴിച്ച് 8 വര്‍ഷം കൊണ്ട് മാത്രമേ റണ്‍വേ വികസനം സാധ്യമാകൂ എന്നാണ് അതോറിറ്റി കരുതുന്നത്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണത്തിന്റെ ഇരട്ടിയോളം തുക ചെലവഴിക്കേണ്ടി വരുമെന്നതാണ് അധികൃതരെ പിന്നോട്ടടിപ്പിക്കുന്നത്. 137 ഏക്കര്‍ ഭൂമി പുതിയ ടെര്‍മിനലിനും 15.25 ഏക്കര്‍ കാര്‍ പാര്‍ക്കിങിനുമായാണ് കഴിഞ്ഞ ദിവസം അതോറിറ്റി കലക്ടറോട് ആവശ്യപ്പെട്ടതെന്ന് വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. റണ്‍വേ വികസനത്തിനുള്ള ഭൂമിയെക്കുറിച്ച് ഇവിടെ പരാമര്‍ശമില്ല.

പഴയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള 198 ഏക്കര്‍ ഭൂമിക്ക് പകരം 152.5 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. നിലവില്‍ 2860 മീറ്ററുളള കരിപ്പൂരിലെ റണ്‍വേ 3,627 ആക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ പുതിയ പ്ലാനനുസരിച്ച് റണ്‍വേയുടെ നീളം 2700 മീറ്ററായി കുറയും. പകരം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തും. 9100 അടിയുള്ള കരിപ്പൂരിലെ റണ്‍വേ 900 അടി കൂടി വികസിപ്പിച്ചാല്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആവശ്യമുള്ള 10000 അടിയിലെത്തിക്കാനാവും. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള അതോറിറ്റി നീക്കം കരിപ്പൂരിന് വീണ്ടും തിരിച്ചടിയാവുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x