
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ സമയപട്ടിക ഇന്ന് പുറത്തിറങ്ങും. പട്ടിക പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ദിവസംതന്നെ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്പതിനുതന്നെ വിമാനസര്‍വീസ് ആരംഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബി, മസ്കറ്റ്, റിയാദ്, ദോഹ, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തും. ഉദ്ഘാടന ദിവസം രാവിലെ 11ന് അബുദാബിയിലേക്ക് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.30 ന് അവിടെയെത്തും. യുഎഇ സമയം ഉച്ചകഴിഞ്ഞ് 2.30ന് പുറപ്പെട്ട് രാത്രി എട്ടിന് വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. രാത്രി 9.05ന് പുറപ്പെട്ട് 11.30 ന് റിയാദിലെത്തുന്ന ഷെഡ്യൂളും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമയക്രമീകരണത്തിലുണ്ട്.
ഉദ്ഘാടനദിവസം അബുദാബിയിലേക്ക് സര്‍വീസ് നടത്താനുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്തുനിന്ന് എട്ടിന് വൈകുന്നേരം കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു സര്‍വീസ് നടത്തുന്നതിന് അനുമതി നേടിയ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേസ്, സ്പൈസ് ജെറ്റ് എന്നിവ ഇനിയും ഷെഡ്യൂള്‍ സമര്‍പ്പിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.