Currency

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തില്‍

സ്വന്തം ലേഖകന്‍Monday, November 12, 2018 12:20 pm

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മട്ടന്നൂരില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തായിരിക്കും ഉദ്ഘാടനം. ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും.

ആദ്യദിവസം പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും പറന്നിറങ്ങും. റിയാദിലേക്കും അന്ന് വിമാനമുണ്ടാകും. ആദ്യ ദിവസം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് തുടക്കവും ഉദ്ഘാടനവും ചേര്‍ന്ന് വരുന്നതിനാല്‍ പിഴവില്ലാത്ത ഒരുക്കങ്ങളാണ് നടക്കുന്നത്.

ഇതിനായി ജനകീയ കമ്മിറ്റിയും രൂപീകരിച്ചു. ഒരു ലക്ഷം പൊതുജനങ്ങള്‍ ഉദ്ഘാടനത്തിന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇവര്‍ക്ക് പാസ് നല്‍കും. എയര്‍പോര്‍ട്ടിനുള്ളില്‍ തന്നെയാണ് ഉദ്ഘാടന വേദിയും സദസും സജ്ജീകരിക്കുക.

ഉദ്ഘാടന ദിവസം മട്ടന്നൂര്‍ ടൗണിലും മറ്റും ഗതാഗത നിയന്ത്രണവുമുണ്ടാകും. വിളംബര ജാഥയടക്കം പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം ആഘോഷമാക്കാനാണ് ജനപ്രതിനിധികളുടെയും സംഘാടക സമിതിയുടെയും തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x