
കണ്ണൂര്‍: കാത്തിരിപ്പിന് അവസാനമായി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. രാവിലെ 10.55 നാണ് ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിര്‍വഹിച്ചത്. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരില്‍ നിന്ന് പറന്നത്. വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തിയിരുന്നു. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് ആനയിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീന്റെ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന് എക്സ്ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്സ്റ്റലേഷന് അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്തു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസ് കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.