Currency

യാത്രയ്ക്ക് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി ചെക്ക് ഇന്‍ ചെയ്യണം; മാറ്റങ്ങള്‍ക്കൊരുങ്ങി റെയില്‍വെ

സ്വന്തം ലേഖകന്‍Tuesday, January 8, 2019 12:20 pm

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി റെയില്‍വെ. വിമാനത്താവളത്തിന് സമാനമായ രീതിയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് സ്റ്റേഷനില്‍ എത്തി ചെക്ക് ഇന്‍ ചെയ്യണമെന്ന നിബന്ധനയോട് കൂടിമാറ്റങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. അവരവര്‍ക്ക് പോകേണ്ട ട്രെയിന്‍ സ്റ്റേഷനിലെത്തുന്നതിന് 15-20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തി സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഈ നിബന്ധനകള്‍ ഉടന്‍ പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ അലഹബാദില്‍ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയില്‍വേ സ്റ്റേഷനിലും മറ്റ് 202 റെയില്‍വേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ സുരക്ഷാ സേനയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനകളാകും സ്റ്റേഷനുകളില്‍ ഉണ്ടാകുക.

സുരക്ഷയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനും അവിടേക്ക് കടക്കാനുള്ള വഴികളും പ്രത്യേകം നിശ്ചയിക്കും. റെയില്‍വേ സുരക്ഷാ സേനയെ വിന്യസിച്ചും ഗേറ്റുകളും മതിലും സ്ഥാപിച്ച സുരക്ഷ കര്‍ശനമാക്കും. സ്റ്റേഷനിലേക്ക് കടക്കാനുള്ള വഴികളിലാകും സുരക്ഷാ പരിശോധനകള്‍ നടക്കുക.

സിസിടിവി ക്യാമറ, ബോംബുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകള്‍ പരിശോധിക്കാനുള്ള സ്‌കാനറുകള്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികള്‍ നടത്തുക. തിരക്കുള്ള സമയങ്ങളില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകും. ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x