Currency

ഹജ്ജ്: അവസരം ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ പണമടക്കാം

സ്വന്തം ലേഖകന്‍Thursday, January 17, 2019 4:07 pm

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം അവസരം ലഭിച്ചവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ പണമടക്കാം. ആദ്യഗഡു 81,000 രൂപ ഫെബ്രുവരി അഞ്ചിന് മുമ്പും രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പുമാണ് അടക്കേണ്ടത്. രണ്ട് ഗഡുക്കളും ഒരുമിച്ചടക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി അഞ്ചിന് മുമ്പ് 2,01,000 രൂപ അടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റ് (www.hajcommittee.gov.in) മുഖേന ഓണ്‍ലൈനായി തുകയടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ എസ്.ബി.ഐ, യു.ബി.ഐ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് നിര്‍ദിഷ്ട ചലാനിലാണ് പണമടക്കേണ്ടത്.

അവസാന ഗഡു വിമാനടിക്കറ്റ്, ഡോളര്‍ നിരക്ക്, സൗദിയിലെ ചെലവുകള്‍ എന്നിവ നിശ്ചയിച്ചശേഷം മേയ്-ജൂണ്‍ മാസത്തിലാണ് ഈടാക്കുക. ഓരോ കവര്‍ നമ്പറിനും അനുവദിച്ച ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ചാണ് തുക അടക്കേണ്ടത്. കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ തുകയും ഒന്നിച്ചടക്കണം. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ സ്ലിപ് ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.

മുന്‍വര്‍ഷങ്ങളില്‍ ആദ്യഗഡുവായി 81,000 രൂപ മാത്രമാണ് അടച്ചിരുന്നത്. ഈ വര്‍ഷമാണ് ആദ്യ രണ്ട് ഗഡുക്കളും ഉടന്‍ അടക്കുന്ന സംവിധാനം നിലവില്‍വന്നത്. സൗദിയില്‍ കെട്ടിടവാടകയടക്കമുള്ള തുക മുന്‍കൂറായി നല്‍കാനാണ് രണ്ട് ഗഡുക്കള്‍ നേരത്തേ വാങ്ങുന്നത്. തുകയടച്ച ശേഷം പാസ്‌പോര്‍ട്ട്, പേ ഇന്‍ സ്ലിപ്പിന്റെ ഒറിജിനല്‍, നെഞ്ചിന്റെ എക്‌സ്‌റേ, രക്തപരിശോധന റിപ്പോര്‍ട്ട് (ബ്ലഡ് സി.ബി.സി), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (3.5ഃ3.5 സെ.മി, വൈറ്റ് ബാക്ക് ഗ്രൗണ്ട്) എന്നിവ സഹിതം ഫെബ്രുവരി അഞ്ചിന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

പാസ്‌പോര്‍ട്ട് ഇപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത എന്‍.ആര്‍.ഐ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വര്‍ക്കിങ്, റെസിഡന്റ് വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റ് വിവരങ്ങള്‍ അതത് പ്രദേശത്തെ ട്രെയിനര്‍മാര്‍ മുഖേന കവര്‍ ഹെഡുകളെ അറിയിക്കും. വിവരങ്ങള്‍ക്ക്: 0483 2710717, 2717571.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x