Currency

ഹജ്ജ് ക്യാമ്പ് ജൂലൈ ആറ് മുതല്‍

സ്വന്തം ലേഖകന്‍Friday, May 17, 2019 12:25 pm

കരിപ്പൂര്‍: നാലുവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പ് ജൂലൈ ആറ് മുതല്‍ വീണ്ടും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍. ക്യാമ്പിന്റെ ഉദ്ഘാടനം ആറിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അറിയിച്ചു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും.

ജൂലൈ ഏഴിന് രാവിലെ 7.10നാണ് ആദ്യ ഹജ്ജ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുക. 308 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇക്കുറി 10,464 പേരാണ് കരിപ്പൂരില്‍നിന്ന് യാത്ര തിരിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി ലഭിച്ചതോടെയാണ് ഹജ്ജ് സര്‍വിസിന് അനുമതി ലഭിച്ചത്.

ഇക്കുറി കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഹജ്ജ് സര്‍വിസും ക്യാമ്പും നടക്കും. കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് 38 സര്‍വിസ് നടത്തും. സൗദിയയുടെ അന്തിമ സമയപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. നെടുമ്പാശ്ശേരിയില്‍നിന്ന് ജൂലൈ 14ന് ഉച്ചക്ക് രണ്ടിനാണ് ആദ്യവിമാനം. എയര്‍ ഇന്ത്യക്കാണ് അവിടെ കരാര്‍ ലഭിച്ചിരിക്കുന്നത്. 340 തീര്‍ഥാടകര്‍ വീതമുള്ള എട്ട് സര്‍വിസാണ് കൊച്ചിയില്‍നിന്നുണ്ടാവുക. രണ്ട് വിമാനത്താവളങ്ങളില്‍നിന്നും ഹാജിമാര്‍ മദീനയിലേക്കാണ് പുറപ്പെടുക. അതിനാല്‍ ഇക്കുറി ക്യാമ്പില്‍നിന്ന് ഇഹ്‌റാം കെട്ടല്‍ ഉണ്ടാകില്ല. ജിദ്ദയില്‍നിന്നായിരിക്കും മടക്കം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x