
ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോള്‍ ഫലങ്ങളെയും 2014ലെ ഫലത്തെയും കടത്തിവെട്ടി ഇത്തവണ എന്‍ഡിഎ 350ന് അടുത്ത് സീറ്റുകളുമായാണ് കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപി ഇക്കുറിയും ഒറ്റയ്ക്കുതന്നെ കേവല ഭൂരിപക്ഷം തികയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തി. എസ്പിയും ബിഎസ്പിയും സഖ്യമായി മല്‍സരിച്ച ഉത്തര്‍പ്രദേശില്‍ അവര്‍ക്കു കനത്ത തിരിച്ചടിയാണു നേരിട്ടത്.
ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ ബിജെപി നേട്ടുമുണ്ടാക്കി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും ബഹുദൂരം മുന്നിലെത്തി. ദേശീയ തലത്തില്‍ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്നത് കേരളവും പഞ്ചാബും മാത്രം. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ സഖ്യവും വന്‍ മുന്നേറ്റം നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.