Currency

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്ഥാന്‍ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Wednesday, July 17, 2019 4:17 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അടച്ചിട്ട വ്യോമപാത 5 മാസത്തിനു ശേഷം പാകിസ്ഥാന്‍ തുറന്നു. വ്യോമപാത അടച്ചിട്ടതിനെത്തുടര്‍ന്ന് വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വഴിമാറി സഞ്ചരിക്കേണ്ടി വന്നിരുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി വിമാന കമ്പനികള്‍ക്ക് കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.

ഫെബ്രുവരിയില്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നാണ് പാത അടച്ചത്. എല്ലാ സൈനികേതര വിമാനങ്ങള്‍ക്കും യാത്ര അനുമതി നല്‍കിക്കൊണ്ടാണ് പാകിസ്ഥാന്റെ വ്യോമപാത നടപടി. ഇന്നലെ അര്‍ധരാത്രി 12.41 ഓടെയാണ് ഇതു സംബന്ധിച്ച അറിയിപ്പു ഉണ്ടായത്. ഫെബ്രുവരി 26നാണ് പാകിസ്ഥാന്‍ അവരുടെ വ്യോമപാത അടച്ചത്. ശേഷം ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രം ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കി.

ഇന്ത്യയും വ്യോമപാതയും അടച്ചിരുന്നെങ്കിലും മേയ് 31ന് എല്ലാ വിലക്കുകളും നീക്കി. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x