Currency

കണ്ണൂരിലേക്ക് ദമ്മാമില്‍നിന്ന് ‘ഗോ എയര്‍’ സര്‍വീസ് ഈ മാസം 19 മുതല്‍

സ്വന്തം ലേഖകന്‍Wednesday, December 11, 2019 12:06 pm

ദമ്മാം: പ്രമുഖ വിമാനക്കമ്പനിയായ ‘ഗോ എയര്‍’ ദമ്മാമില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നു. ‘ഗോ എയര്‍’ സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 19 മുതല്‍ സര്‍വിസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വിസുകളാണ് തുടക്കത്തില്‍. രാവിലെ 9.55ന് ദമ്മാമില്‍നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് കണ്ണൂരില്‍ എത്തുന്ന വിധമാണ് സര്‍വിസുകള്‍ സംവിധാനിച്ചിരിക്കുന്നത്. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ദമ്മാമില്‍നിന്ന് വിമാനം പുറപ്പെടുന്നത്.

ക്രിസ്മസ്, പുതുവത്സര സീസണുകള്‍ മുതലെടുത്ത് വിമാനക്കമ്പനികള്‍ വന്‍ നിരക്ക് ഈടാക്കുമ്പോള്‍ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും ഇരുവശത്തേക്കുമായി 999 റിയാലും മാത്രമാണ് ഗോ എയറിന്റെ നിരക്ക്. 30 കിലോ ബാഗേജും ഏഴുകിലോ ഹാന്‍ഡ് ബാഗേജും ഇതിനൊടൊപ്പം കൊണ്ടുപോകാം. ടാക്‌സുകള്‍ ഉള്‍പ്പെടെയുള്ള നിരക്കാണ് ഇതെന്ന് സലീം ഖാലിദ് പറഞ്ഞു.

കണ്ണൂരില്‍നിന്ന് രാവിലെ 6.55ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55ന് ദമ്മാമില്‍ എത്തും. പ്രവൃത്തി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഓഫിസില്‍ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്. അധിക ബാഗേജ് വേണ്ടവര്‍ക്ക് അഞ്ചുകിലോ വീതം 30 കിലോ വരെ നേരത്തേ പണമടച്ച് അധികം കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. നിലവില്‍ അബൂദബി, മസ്‌കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍നിന്ന് ഗോ എയര്‍ കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. ഉടന്‍ തന്നെ ദോഹയില്‍നിന്ന് സര്‍വിസ് ആരംഭിക്കും. ദമ്മാമില്‍നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x